ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടി സംഘത്തിന് മൊഴി നൽകും.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടി സംഘത്തിന് മൊഴി നൽകും. അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാവിലെ 11മണിക്ക് മൊഴി കൊടുക്കും. കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയ്യാറാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കൈമാറുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്.