കൊച്ചി: ആലുവ തൃക്കുന്നത്ത് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ചൊല്ലി ഓർത്തഡോക്സ് യാക്കോബായ തർക്കം. പെരുമ്പാവൂരിൽ താമസിക്കുന്ന ആലുവ സ്വദേശി തങ്കച്ചന്റെ മൃതദേഹം സംസ്ക്കരിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. യാക്കോബായ വിഭാഗക്കാരനായ തങ്കച്ചന്റെ മൃതദേഹം യാക്കോബായ വൈദികരുടെ നേതൃത്വത്തിൽ അടക്കാനാവില്ലെന്ന് ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തതാണ് തർക്കത്തിന് കാരണം. ഇതോടെ കുടുംബ കല്ലറയിൽ അടക്കാനാവാതെ യാക്കോബായ നിയന്ത്രണത്തിലുള്ള കുറുംപ്പുംപടി സെന്റ് മേരീസ് പള്ളിയിലെ സെമിത്തേരിയിൽ തങ്കച്ചന്റെ മൃതദേഹം സംസ്ക്കരിച്ചു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വൈദികന്‍റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ ഓർത്തഡോക്സ്-യാക്കോബായ പള്ളി സെമിത്തേരികളില്‍ മൃതദേഹം അടക്കാന്‍ പാടില്ല. സഭാ തർക്കത്തെ തുടർന്ന് ഇതിന് മുമ്പും യാക്കോബായ വിഭാ​ഗക്കാരുടെ മൃതദേഹങ്ങൾ സംസ്കാരിക്കുന്നതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. ജൂലൈയിൽ കായംകുളത്തെ കാദീശാ പള്ളിയിൽ 84-കാരിയായ മറിയാമ്മ ഫിലിപ്പിന്‍റെ മൃതദേഹം സംസ്കാരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ആറുദിവസത്തോളം സംസ്ക്കരിക്കാതെ സൂക്ഷിച്ചുവച്ച മറിയാമ്മയുടെ മൃതദേഹം സംസ്കരിച്ചത്.

കായംകുളത്തെ കാദീശ ഓർത്തഡോക്സ്-യാക്കോബായ പള്ളികൾ കാലങ്ങളായി ഒരു സെമിത്തേരിയാണ് ഉപയോഗിച്ചുവരുന്നത്. സഭാത‍ർക്ക കേസിൽ 2013 ൽ, ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വന്നശേഷം ഇടവകയിൽ ഓരോ മരണം ഉണ്ടാകുമ്പോഴും യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ച് സംസ്കാരം നടത്താനുള്ള ഉത്തരവ് വാങ്ങുകയായിരുന്നു പതിവ്. എന്നാൽ പുതിയ സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി യാക്കോബായ സഭയ്ക്ക് അനുകൂല ഉത്തരവ് നൽകിയിരുന്നില്ല.

Read More: സഭാതര്‍ക്കം: ഒരാഴ്ചയ്ക്ക് ശേഷം 84കാരിയുടെ മൃതദേഹം സെമിത്തേരിക്ക് പുറത്ത് സംസ്കരിച്ചു

അന്ത്യകർമ്മങ്ങൾ ഓർത്തഡോക്സ് വിഭാഗം വൈദികൻ നടത്തട്ടെയെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. എന്നാല്‍, ഇത് യാക്കോബായ വിഭാഗത്തിന് സ്വീകാര്യമല്ലായിരുന്നു. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കത്തിനൊടുവില്‍ സംസ്കാരം നടത്താൻ പുതിയ സ്ഥലം സാജമായതോടെ കാദീശ പള്ളികൾ തമ്മിൽ ഏറെകാലമായുള്ള തർക്കത്തിന് താൽകാലികമായി പരിഹാരമാകുകയായിരുന്നു.

ജൂലൈ ആറിന് മാന്ദംമം​ഗലം പള്ളിയിൽ മരണപ്പെട്ട യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. യാക്കോബായ വിശ്വാസിയായിരുന്നയാളുടെ മൃതദേഹം മാതമം​ഗലം പള്ളിയിൽ സംസ്കരിക്കൻ അനുവദിക്കില്ലെന്ന് ഓർത്തഡോക്സ് വിഭാ​ഗം നിലപാട് സ്വീകരിച്ചതോടെയാണ് ഇരുവിഭാ​ഗങ്ങളും തമ്മിൽ തർക്കത്തിലായത്. ഏറെ ചർച്ചയ്ക്കൊടുവിൽ മൃതദേഹം മറ്റൊരു പള്ളിയിൽ സംസ്കരിക്കാൻ ധാരണയാവുകയായിരുന്നു.

Read more: ‍മാന്ദമം​ഗലം പള്ളി തർക്കം: യാക്കോബായ വിശ്വാസിയുടെ മൃതദേഹം വേറെ പള്ളിയില്‍ സംസ്കരിക്കും

ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന എറണാകുളം വരിക്കോലിപ്പള്ളിയിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇരുവിഭാ​ഗങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യാക്കോബായ വിശ്വാസിയായ പി സി പൗലോസ് എന്നയാളുടെ മൃതദേഹം സെമിത്തേരിയുടെ പിൻഭാഗത്തുകൂടെ എത്തിച്ചാണ് സംസ്‍കരിച്ചത്.  
Read More:വരിക്കോലിപ്പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സെമിത്തേരിക്ക് പിന്നിലൂടെ എത്തിച്ച് സംസ്കരിച്ചു