മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ ഇത്തവണയും മുന്നണികളും നേതാക്കളും അഡ്ജസ്റ്റ്മെന്‍റ് തന്ത്രവുമായി ട്വന്‍റി ട്വന്‍റിയെ സമീപിച്ചെന്ന് ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്. ജനങ്ങളറിയാതെ ഒരു രഹസ്യധാരണയ്ക്കും പാർട്ടി തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ തന്നെ അഡ്ജസ്റ്റ്മെന്‍റ് തന്ത്രവുമായി മുന്നണികളും നേതാക്കളും ട്വന്‍റി ട്വന്‍റിയെ സമീപിച്ചെന്ന് ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്. അവരുടെ ചില സ്ഥാനാർഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. കൊച്ചി കോർപറേഷനിൽ അടക്കം പാർടി മത്സരിക്കുന്നത് മറ്റ് മുന്നണികളെ അങ്കലാപ്പിലാക്കിയെന്നും സാബു എം. ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'2020 മുതൽ എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും പരസ്യമായി ഞങ്ങളെ എതിർക്കുന്നവർ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കുന്നുണ്ട്. മുന്നണിയുമായി യോജിച്ച് പ്രവർത്തിക്കാനും ആവശ്യപ്പെടുന്നുണ്ട്. ജനങ്ങളറിയാതെ മറ്റ് രാഷ്ട്രീയ കക്ഷികളുമായി രഹസ്യധാരണയുണ്ടാക്കുന്ന പാർട്ടിയല്ല ട്വൻ്റി 20. അതുകൊണ്ട് ജനങ്ങളറിയാതെ ഒരു തീരുമാനവും എടുക്കില്ല,' - സാബു എം ജേക്കബ് പറഞ്ഞു.