ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും  മന്ത്രിമാരും അടക്കമുള്ളവർക്ക് മാസ ശമ്പളം കയ്യിൽ കിട്ടി

തിരുവനന്തപുരം: മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രം. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടസമില്ലാത്തതാണ് കാരണം. അതേസമയം മിക്കവാറും വരുന്ന സർക്കാർ ജീവനക്കാർക്കെല്ലാം എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് പണം കൈകാര്യം ചെയ്യാൻ കഴിയാത്തത്. 

പെൻഷൻ വിതരണത്തിനും നിലവിൽ പ്രതിസന്ധിയില്ല. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ മാറ്റുന്ന കാര്യത്തിലും ഇല്ല സാങ്കേതിക തടസം . ഞായറാഴ്ച ആയതിനാൽ ഇന്ന് ശമ്പളവിതരണം ഇല്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം