മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ എട്ടിന്റെ പണി പരാമർശത്തിനെതിരെ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ എട്ടിന്റെ പണി പരാമർശത്തിനെതിരെ പ്രതികരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. മുനമ്പം വഖഫ് ഭൂമി “ഉമീദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ എറണാകുളത്ത് നടന്ന യോ​ഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേറെ ആരുടേയും സ്വത്ത് ഞങ്ങൾക്ക് വേണ്ട. അല്ലാഹുവിന്റെ സ്വത്ത് അത് മാത്രമാണ് ഞങ്ങൾ അവകാശപ്പെടുന്നത്. 2019 ൽ തന്നെ ഈ ഭൂമി വഖഫിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വിഷയത്തിൽ രമ്യമായ പരിഹാരം വേണമെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു. വഖഫ് സ്വത്ത്‌, വഖഫ് ആയി തന്നെ സംരക്ഷിക്കണമെന്നും ആരാന്റെ സ്വത്ത്‌ എടുത്ത് മറ്റുള്ളവരുടെ കണ്ണീർ ഒപ്പൽ അല്ല വേണ്ടതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. മുനമ്പത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കണം. മാറി മാറി വരുന്ന സർക്കാരും ഫാറൂഖ് കോളേജുമാണ് ഇതിൽ യഥാർത്ഥ പ്രതികൾ. മുനമ്പത്ത് 600 കുടുംബങ്ങൾ ഇല്ല‌. സതീശൻ പറഞ്ഞ എട്ടിന്റെ പണി വിരോധ വർത്തമാനമാണ്. വഖഫ് ഭൂമി എന്തെന്നതിൽ വലിയ തെറ്റിധാരണകൾ പലരും പരത്തുകയാണ്. ആരുടെയും കയ്യിൽ നിന്ന് തട്ടിയെടുത്തതല്ല വഖഫ് സ്വത്തുക്കൾ. മുനമ്പം ഭൂമി വഖഫ് സ്വത്ത്‌ തന്നെയാണ്. അതിന് എല്ലാ തെളിവുകളും ഉണ്ട്. അതിനെ വർഗീയ സ്വഭാവത്തിൽ മോശമായി ചിത്രീകരിക്കുകയാണ്. ആ ഭൂമി വീണ്ടെടുക്കാൻ ഉള്ള നടപടിയാണ് ചെയ്യേണ്ടതെന്നും മാറ്റാരുടെയും സ്വത്തുകൾ വേണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.