പെരിയാറിൽ നിന്ന് വാരി കടത്തുകയായിരുന്ന ഒരു ലോഡ് മണൽ പൊലീസ് പിടികൂടി
കൊച്ചി: പെരിയാറിൽ നിന്ന് വാരി കടത്തുകയായിരുന്ന ഒരു ലോഡ് മണൽ പൊലീസ് പിടികൂടി. വാഹനത്തിന്‍റെ ഡ്രൈവർ തലയോലപ്പറമ്പ് സ്വദേശി ധനേഷ് മുരളീധരൻ(38)നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ പെരിയാറിൽ നിന്ന് വാരി കടത്തുകയായിരുന്ന മണൽ മഹിളാലയം പാലത്തിനടുത്ത് വച്ചാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പിഎം ഷമീർ, എസ്ഐ രഞ്ജിത്ത് മാത്യു, സിപിഒമാരായ എസ് അഖിൽ, സ്റ്റാൻലി വർഗീസ്, ഹരികൃഷ്ണൻ, എംഎസ് അതുൽ, അനന്തു എന്നിവരാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. മണൽ വാരൽ സംഘത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.


