എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയിൽ പങ്കെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകി. എസ്എഫ്ഐയുടെ ആവശ്യപ്രകാരമാണ് അവധി നൽകിയതെന്ന് പ്രധാന അധ്യാപകൻ വെളിപ്പെടുത്തി.

കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാന അധ്യാപകന്‍ അവധി നല്‍കിയത്. എസ്എഫ്ഐയുടെ ആവശ്യം അനുവദിക്കുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റു വഴികളില്ലായിരുന്നുവെന്ന് പ്രധാന അധ്യാപകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഇഓയോട് റിപ്പോര്‍ട്ട് തേടി. കെഎസ്‍യു പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിനുളളില്‍ പ്രതിഷേധിച്ചു.

YouTube video player

എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്‍റെ സമാപനത്തിന്‍റ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയില്‍ കാല്‍ലക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ പരമാവധി ശക്തി തെളിയിക്കാനായി എസ്എഫ്ഐ കണ്ടെത്തിയ കുറുക്കുവഴിയാകട്ടെ അന്പരപ്പിക്കുന്നതായി. റാലിയില്‍ കുട്ടികളെ എത്തിക്കാന്‍ മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്കൂളിന് അവധി നല്‍കണമെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രധാന അധ്യാപകനോട് രേഖാമൂലം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഹെഡ് മാസ്റ്റര്‍ രാവിലെ കുട്ടികള്‍ സ്കൂളിലെത്തിയ ഉടന്‍ തന്നെ ഹൈസ്കൂള്‍ വിഭാഗത്തിന് അവധി നല്‍കി. രക്ഷാകര്‍തൃ ഗ്രൂപ്പില്‍ അവധിയുടെ സൂചന പ്രധാന അധ്യാപകന്‍ നല്‍കുകയും ചെയ്തിരുന്നു. അവധിയുടെ കാരണം തേടി സ്കൂളിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് പ്രധാന അധ്യാപകന്‍ സുനില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞു..

നേരത്തെ, കെഎസ്‍യു പ്രവര്‍ത്തകര്‍ നടത്തിയ പഠിപ്പ് മുടക്കല്‍ സമരത്തില്‍ സ്കൂളിന് അവധി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് സമരക്കാര്‍ ബലമായി മണിയടിച്ച സംഭവമുണ്ടായിരുന്നുവെന്നും അന്ന് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പ്രശ്നമാക്കണോ എന്നായിരുന്നു പ്രതികരണമെന്നും അതുകൊണ്ടാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് പോകാതിരുന്നതെന്നും ഹെ‍ഡ് മാസ്റ്റര്‍ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഇഓയോട് റിപ്പോര്‍ട്ട് തേടി. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെന്ന് ഡി ഡി ഇ ശിവദാസൻ പറഞ്ഞു.

അതിനിടെ, സംഭവത്തിൽ പരാതിയുമായി ഡിഡിഇ യെ കാണാനെത്തിയ കെഎസ്‌യു നേതാക്കളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡിഇഓ യോട് റിപ്പോർട്ട് തേടിയ കാര്യം രേഖാമൂലം എഴുതി തരണമെന്ന് കെഎസ്‌യു നേതാക്കൾ ആവശ്യപ്പെട്ടതിനെത്തുര്‍ന്നായിരുന്നു തര്‍ക്കം.