Asianet News MalayalamAsianet News Malayalam

വയനാടടക്കം നാളെ സ്കൂൾ തുറക്കും, 3 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം അവധി

വയനാടടക്കം 3 ജില്ലകളിൽ നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കും

School holiday august 5 latest news Schools will open tomorrow including Wayanad only 3 districts schools holiday due relief camps
Author
First Published Aug 4, 2024, 11:03 PM IST | Last Updated Aug 4, 2024, 11:03 PM IST

കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ നാളെ വയനാട്ടിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. വയനാട് ജില്ലയിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കാമെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാകും നാളെ അവധിയെന്നും കളക്ടർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടടക്കം 3 ജില്ലകളിൽ നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കും. തൃശൂർ, മലപ്പുറം ജില്ലകളിലെ കളക്ടർമാരാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം പാലക്കാട് പോത്തുണ്ടി ജി എൽ പി എസിനും നാളെ അവധിയായിരിക്കും.

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ക്യാമ്പ് അവസാനിക്കുംവരെ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2) (xxix) പ്രകാരം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കണം. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച സ്കൂളുകളിൽ ശുചീകരണം നടത്തേണ്ടതും കാടുപിടിച്ചിട്ടുണ്ടെങ്കിൽ അവ വെട്ടിത്തെളിക്കേണ്ടതും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പാക്കേണ്ടതുമാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

ജില്ലയിൽ കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു.

പോത്തുണ്ടി ജി എൽ പി എസിന് നാളെ അവധി 

ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉൾപ്പെട്ട  ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതിനാൽ പോത്തുണ്ടി ജി.എൽ.പി.എസ്സിന് നാളെ അവധി ആയിരിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ അറിയിച്ചു.

കൂത്തുപറമ്പിൽ വെടിയേറ്റ പുഷ്പൻ ഐസിയുവിൽ, ചികിത്സാ വിവരം തേടി മുഖ്യമന്ത്രി പിണറായി ആശുപത്രി സന്ദർശിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios