ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നെന്നും  സ്കൂൾ അധികൃതർ പറഞ്ഞു

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴി തെറ്റിച്ചോടിയതാണ് അപകട കാരണമെന്നും സ്കൂൾ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നെന്നും അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥിയായ ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഒൻപത് മണിക്ക് ശേഷമാണ് ദാരുണ സംഭവം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂള്‍ കോമ്പൌണ്ടിലാണ് അപകടം. സ്കൂള്‍‌ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരിക്കേറ്റു. അപ്പോള്‍ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.