Asianet News MalayalamAsianet News Malayalam

വയനാട് ദുരന്തഭൂമിയില്‍ നാളെ സ്കൂള്‍ തുറക്കുന്നു, വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മേപ്പാടി ഹൈസ്കൂളിൽ

മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക.

School opens in Wayanad landside disaster area tomorrow, students of Vellarmala school now in Meppadi High School
Author
First Published Aug 26, 2024, 10:58 AM IST | Last Updated Aug 26, 2024, 10:58 AM IST

കല്‍പ്പറ്റ:വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്കൂൾ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക. 


മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. മേപ്പാടിയിൽ താൽക്കാലിക സംവിധാനം ഒരുക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് മേപ്പാടി ഹൈസ്കൂളിൽ ക്രമീകരണങ്ങൾ വേഗത്തിലാക്കുന്നത്.


ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ രണ്ട് സ്കൂളുകളാണ് പുനക്രമീകരിക്കേണ്ടത്. മുണ്ടക്കൈ എൽ പി സ്കൂൾ, മേപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ എപിജെ ഹാളിലാണ് താല്‍ക്കാലികമായി ഒരുക്കുന്നത്. നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ചെറിയ കുട്ടികൾ ആയതിനാൽ സുരക്ഷ കൈവരികൾ എന്നിവ ഉള്‍പ്പെടെ ആവശ്യമാണ്. ശുചിമുറികളും തയ്യാറാക്കണം.ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.

വെള്ളാർമല ജിവിഎച്ച്എസ്എസിലെ 500ൽ അധികം വരുന്ന വിദ്യാർത്ഥികളെ മേപ്പാടി ജിഎച്ച്എസ്എസിലേക്കാണ് മാറ്റുന്നത്. 17 ക്ലാസ് മുറികൾ വേണ്ട സ്ഥാനത്ത് 13 എണ്ണം മാത്രമേ കണ്ടെത്താൻ ആയിട്ടുള്ളൂ. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാപബ് എന്നിവ കൂടി വേണ്ടിവരുo. പുതുതായി ഒരു കമ്പ്യൂട്ടർ ലാബ് സജ്ജമാക്കുമെന്നും മേപ്പാടി ഹയർ സെക്കൻഡറിയുടെ സയൻസ് ലാബ് മറ്റുള്ളവർക്ക് ഉപയോഗിക്കാം എന്നുമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സയൻസ് ലാബുകൾ ഉപയോഗിക്കേണ്ട ക്ലാസുകളുടെ എണ്ണം കൂടുമ്പോൾ, സമയക്രമം നിർണയിക്കുക എളുപ്പമല്ല. അദ്ധ്യയനം മുടങ്ങിയ ദിവസങ്ങൾ എങ്ങനെ തീർക്കും എന്നതും ആലോചിക്കേണ്ടതുണ്ട്.

തകര്‍ന്ന രണ്ട് സ്കൂളുകളിലെ അധ്യാപകരുടെ പുനർന്യാസത്തിലും അന്തിമ തീരുമാനമായിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രയ്ക്ക് കെഎസ്ആർടിസിയുമായി സഹകരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മേപ്പാടി -ചൂരൽമല റോഡിൽ മൂന്ന് കെഎസ്ആർടിസി ബസുകൾ ഒരുക്കും. കലക്ടർ അനുവദിക്കുന്ന പ്രത്യേക പാസ്സുപയോഗിച്ച് സൗജന്യമായി സ്കൂൾ യാത്ര നടത്താം. അപ്പോഴും ഏറെ ദൂരെ വാടകവീടുകൾ കിട്ടിയ, കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മേപ്പാടിയിൽ വന്നു പോകേണ്ടിവരും. അല്ലെങ്കിൽ വാടകവീടുകൾ കിട്ടിയതിനടുത്തുള്ള സ്കൂളുകളിൽ പ്രവേശനം നേടേണ്ടി വരും.


അതേസമയം, ഉരുള്‍പൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചില്‍ മാറ്റിവെച്ചു.തെരച്ചിൽ നടത്താൻ ആകാതെ പ്രത്യേകസംഘം മടങ്ങുകായിരുന്നു. മഴയും കോടയും കാരണമാണ് സംഘം മടങ്ങിയത്. മറ്റൊരു ദിവസം തെരച്ചിൽ തുടരും.ആനടിക്കാപ്പ് -സൂചിപ്പാറ മേഖലയിലായിരുന്നു തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. ഇന്നലെ ഇവിടെ നിന്ന് ആറ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.


എന്‍.ഡി.ആര്‍.എഫ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് തെരച്ചില്‍ നടത്തുക. അതേസമയം കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി സംഘം ഇന്ന് വയനാട്ടിലെത്തും 'ദുരന്താനന്തര പുനർനിർമാണത്തിന്‍റെ രൂപരേഖ തയ്യാറാക്കുന്നതിനാണ് സന്ദർശനം. 'ഈ മാസം 31 ആം തീയതി വരെ വിവിധ മേഖലകൾ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയ്യാറാക്കും.

'മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു, അന്വേഷണ സംഘത്തിന് പരാതി നൽകും'; ഗുരുതര ആരോപണവുമായി നടി മിനു

 

Latest Videos
Follow Us:
Download App:
  • android
  • ios