10 മുതൽ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചർച്ച വേണമെന്നും ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായെന്നും സ്പീക്കർ പറഞ്ഞു.
കണ്ണൂർ: സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് സ്പീക്കർ എഎൻ ഷംസീർ. സ്കൂൾ സമയത്തിന് മുമ്പ് മാത്രമെ മതപഠനം നടക്കൂ എന്ന വാശി ഒഴിവാക്കണമെന്ന് എഎൻ ഷംസീർ പറഞ്ഞു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നമ്മളും മാറണം. 10 മുതൽ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചർച്ച വേണമെന്നും ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായെന്നും സ്പീക്കർ പറഞ്ഞു. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ സ്കൂൾ സമയമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. രൂക്ഷ വിമർശനമുയർത്തിയ സംഘടനയുമായി വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.
സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ച സമവായത്തിലെത്തിയിരുന്നു. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരുമായുള്ള ചർച്ചയിൽ തൃപ്തരാണെന്നായിരുന്നു സമസ്തയുടെ പ്രതികരണം. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.
സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചർച്ച നടത്തിയത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ചര്‍ച്ചയില്‍ ശ്രമിച്ചത്. ചർച്ചയിൽ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകള്‍ വിയോജിപ്പറിയിച്ചെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതമാണ് വർധിപ്പിച്ചത്. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.



