Asianet News MalayalamAsianet News Malayalam

ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല

ഇന്നലെ വൈകിട്ട് 3.30നാണ് ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് കന്യാകുമാരിയിലെത്തിയത്. ഈ  സമയത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. കന്യാകുമാരി ബീച്ചിലും പൊലീസ് പരിശോധന നടത്തി

 Search on for Assamese girl missing from Thiruvananthapuram examination of the scenes of the time the train reached Kanyakumari has been completed
Author
First Published Aug 21, 2024, 11:11 AM IST | Last Updated Aug 21, 2024, 11:44 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിൻ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്.

3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിൻ എത്തിയ മൂന്നാം പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കന്യാകുമാരി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് കുട്ടിയെ പുലര്‍ച്ചെ കണ്ടിരുന്നതായാണ് ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്.

കന്യാകുമാരി ബീച്ചിലും പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല. അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ  സ്റ്റേഷനിലടക്കം മറ്റിടങ്ങളിലും പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ കന്യാകുമാരിയില്‍ നിന്ന് പുനെയിലേക്കുള്ള ജയന്തി ജനത എക്സ്പ്രസിൽ പരിശോധന നടത്തുകയാണ് പൊലീസ്. കുട്ടി കന്യാകുമാരിയിൽ നിന്ന് തിരിച്ചുവരാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന.

'കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി'; യാത്രക്കാരി ബബിത

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ നാടാകെ അരിച്ചുപെറുക്കി തെരഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന നിർണായക ദൃശ്യം പൊലീസിന് കിട്ടി. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രം തെരച്ചിലിന് നിർണായകമായി. ചിത്രത്തിലുള്ള തങ്ങളുടെ മകൾ തന്നെ ആണെന്ന് തസ്മിദ് തംസുമിന്റെ അച്ഛൻ സ്ഥിരീകരിച്ചു. തസ്മിദിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ അറിയിക്കണം. അറിയിക്കേണ്ട നമ്പറുകൾ: 9497960113 / 9497980111.

കുട്ടി മുമ്പ് ഒരിക്കലും ഒറ്റക്ക് യാത്ര ചെയ്തിട്ടില്ല; കന്യാകുമാരിയിൽ നിന്ന് ശുഭ വാര്‍ത്ത കാത്ത് അസം കുടുംബം

ഒരു മാസമായി കഴക്കൂട്ടത്ത് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. അമ്മയും അച്ഛനും നാലു മക്കളുമാണ് കുടുംബത്തിലുള്ളത്. അച്ഛൻ അൻവർ ഹുസ്സൈൻ കേരളത്തിൽ കൂലിപ്പണി ചെയ്യുകയായിരുന്നു. അമ്മ ഫാർവീൻ ബീഗവും കഴക്കൂട്ടത്തെ സ്കൂളില്‍ സഹായി ജോലി ചെയ്യുകയാണ്. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ ഇന്നലെ രാവിലെ തസ്മിദിനേ ശകാരിച്ചിരുന്നു. തുടർന്ന് അച്ഛനും അമ്മയും ജോലിക്ക് പോയി. ഇതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങൾ കറുത്ത ബാഗിലാക്കിയാണ് കുട്ടി വീട് വിട്ടത്. കയ്യിൽ ആകെയുള്ളത് 50 രൂപ മാത്രമായിരുന്നു. വീടുവിട്ടിറങ്ങുമ്പോള് പിങ്ക്, ക്രീം നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. വൈകീട്ട് മടങ്ങി എത്തിയപ്പോൾ മകളെ കാണാതിരുന്ന കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉടൻ പൊലീസ് അന്വേഷണം തുടങ്ങി.

അന്വേഷണത്തില് മൂന്ന് കിലോ മീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കഴക്കൂട്ടത്തിന് സമീപത്തെ കടയുടെ മുന്നിലും കഴക്കൂട്ടം ഹൈവേക്ക് സമീപത്തും കുട്ടി നടക്കുന്ന ദൃശ്യം കിട്ടി. പിന്നീട്, പത്ത് രൂപയ്ക്ക് യാത്ര ചെയ്യാവുന്ന സിറ്റി ബസിൽ കയറി കുട്ടി കഴക്കൂട്ടത്തുനിന്ന് തമ്പാനൂരിൽ ഇറങ്ങി എന്നാണ് നിഗമനം. രാത്രിയോടെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ തുടങ്ങി. കഴക്കൂട്ടത്തിന് 15 കിലോമീറ്റര്‍ ചുറ്റളവ് കേന്ദ്രീകരിച്ച് രാത്രി മുഴുവൻ പൊലീസ് സംഘം പരിശോധന നടത്തി. ബീമാപള്ളി, ശംഖുമുഖം തുടങ്ങി നിരവധി ഇടങ്ങളിൽ തെരച്ചിൽ നടന്നു. പിന്നാലെ തിരുവനന്തപുരത്ത് നിന്ന് അസമിലേക്ക് പോയ അരോണയ് എക്സ്പ്രസില്‍ കുട്ടി ഉണ്ടെന്ന് സംശയം ഉയർന്നു. ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ 15 മിനിറ്റ് പിടിച്ചിട്ട് നടത്തിയ പരിശോധനയിൽ പക്ഷെ കുട്ടിയെ കണ്ടെത്താനായില്ല.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് നിർണായക വിവരം പൊലീസിന് കിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി ഇരിക്കുന്ന ചിത്രം ഒരു വിദ്യാർത്ഥിനി പൊലീസിന് അയച്ചുകൊടുത്തു. കുട്ടി ട്രെയിനിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നി ആണ് യാത്രക്കാരി നെയ്യാറ്റിൻകരയിൽ വെച്ച് മൊബൈലിൽ ഫോട്ടോ എടുത്തത്. ഇത് തസ്മിദ് തംസും തന്നെ ആണെന്ന് അച്ഛനും അമ്മയും സ്ഥിരീകരിച്ചു. പിന്നാലെ പൊലീസ് സംഘം കന്യാകുമാറിയിലേക്ക് പുറപ്പെട്ടു. കന്യാകുമാരിയിലും നഗർ കോവിലിലും വിശദമായ തെരച്ചിൽ നടത്തുകയാണ് പൊലീസ് സംഘം.

തസ്മിദ് എവിടെ? 13 കാരിയെ കാണാതായിട്ട് 24 മണിക്കൂര്‍, അന്വേഷണം ചെന്നൈയിലേക്കും, സഹോദന്റെ ഫോൺ വിവരങ്ങള്‍ തേടി

 

Latest Videos
Follow Us:
Download App:
  • android
  • ios