ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് പത്മലോചനനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  തെക്കേവയലിൽ രവി എന്നയാളുടെ പുരയിടത്തിലെ മരത്തിലാണ് പ്രതി തൂങ്ങിയത്.

കൊല്ലം: കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂരിലെ സിപിഎം ഏരിയ കമ്മിറ്റി അംഗവും പത്തടി സ്വദേശിയുമായ പത്മലോചനനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് പത്മലോചനനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തെക്കേവയലിൽ രവി എന്നയാളുടെ പുരയിടത്തിലെ മരത്തിലാണ് പ്രതി തൂങ്ങിയത്. ഉടൻ ഏരൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

ഏരൂരിലെ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് പത്മലോചനൻ. നിലവിൽ കർഷക സംഘം ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുകയായിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയാണ് മരിച്ച പത്മലോചനൻ. 2010 ൽ ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും ഐഎൻടിയുസി നേതാവുമായിരുന്ന രാമഭദ്രനെ വീട്ടിൽ കയറിയാണ് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കേസിലെ കോടതി നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് പത്മലോചനന്‍റെ മരണം. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.