മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതിൽ എ ഗ്രൂപ്പിനെ തഴഞ്ഞുവെന്നാണ് ഉയരുന്ന പരാതി. വിഷയത്തില്‍ എ ഗ്രൂപ്പ്‌ കെപിസിസിക്ക് പരാതി നൽകും. പരാതി പരിഹരിച്ചില്ലെങ്കിൽ പാർട്ടി സ്ഥാനങ്ങൾ രാജി വെക്കുമെന്നാണ് ഭീഷണി.

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കെ പി സി സി മുന്‍ സെക്രട്ടറി വി എ കരീം, കെ പി സി സി അംഗം വിസുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി തുടങ്ങിയവര്‍ പങ്കെടുത്തു എന്നാണ് വിവരം. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായി. വിഷയത്തില്‍ ഡിസിസി നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ്‌ കെപിസിസിക്ക് പരാതി നല്‍കും. പരാതി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജി വെക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ ഭീഷണി.

അതിനിടെ, അച്ചടക്ക നടപടി എടുത്തവരെ തിരിച്ചെടുക്കണമെന്ന് എ ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബെന്നി ബെഹ്‌നാനും കെ സി ജോസഫും കെപിസിസി നേതൃത്വത്തിന് കത്ത് നൽകി. പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സജി പി ചാക്കോ, കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫ് അടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.

Also Read:  'ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ എൽഡിഎഫ്; പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവർ': സതീശന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്