സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടത്. 

വയനാട്: ജീവനൊടുക്കും മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി മാനന്തവാടി (Mananthavady) സബ് ആർടിഒ ഓഫീസിലെ ജീവനക്കാരി സിന്ധു (Sindhu) പരാതി നല്‍കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടത്. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍ടിഒയുടെ വിശദീകരണം.

മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്നു 42 വയസുകാരിയായ സിന്ധു. ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ സിന്ധുവിനെ കണ്ടെത്തിയത്. സിന്ധുവിൻ്റെ മരണത്തിൽ ആർടിഒ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി കുടുംബം രംഗത്തെത്തിയിരുന്നു. കൈക്കൂലി വാങ്ങത്തത് കാരണം സിന്ധുവിനെ ഒറ്റപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നെന്നുമാണ് സഹോദരൻ നോബിൾ പറഞ്ഞത്. 

സിന്ധുവിന്‍റെ മരണത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഭിന്നശേഷിക്കാരിയായ സിന്ധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടിൽ കഴി‍ഞ്ഞ ദിവസം പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. സിന്ധു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്ടോപും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയിൽ നിന്ന് ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയെന്നാണ് സൂചന. 

YouTube video player