മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദം. ഈ ബഹുമതി സഭയ്ക്കും സമൂഹത്തിനും ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സെറാംപൂർ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി. സർവകലാശാലയുടെ ഈ വർഷത്തെ ഡി.ഡി. (ഹൊണോറിസ് കോസ) ബിരുദത്തിനാണ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അർഹനായത്. അക്കാദമിക, സാമൂഹ്യ, എക്യൂമെനിക്കൽ, ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മെത്രാപ്പോലീത്തയക്ക് സർവ്വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്.
പശ്ചിമ ബംഗാളിലെ ഹൂഗ്ലിക്കടുത്ത് സെറാംപൂരിൽ 1818 ൽ സ്ഥാപിതമായ ദൈവശാസ്ത്ര സർവ്വകലാശാലയാണ് സെറാംപൂർ യൂണിവേഴ്‌സിറ്റി. ദൈവശാസ്ത്ര അധ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണിത്. ഈ വരുന്ന നവംബർ 27 ന് സെറാംപൂർ സർവകലാശാല കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ബിരുദം സമ്മാനിക്കുമെന്ന് കൗൺസിൽ സെക്രട്ടറി ഡോ. ശുബ്റോ ശേഖർ സർക്കാർ അറിയിച്ചു.
ഭാരതത്തിലെ ദൈവശാസ്ത്ര അധ്യാപനത്തിൻ്റെ ഈറ്റില്ലമായ സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ഉന്നതമായ ഈ ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഈ ബഹുമതി മലങ്കര മർത്തോമ്മാ സഭയ്ക്കും താനുൾപ്പെടുന്ന സമൂഹത്തിനും ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


