Asianet News MalayalamAsianet News Malayalam

'പൂതന' പരാമര്‍ശം: ജി സുധാകരനെതിരെ ഷാനിമോൾ ഉസ്മാൻ പൊലീസിൽ പരാതി നൽകി

സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ അപകീർത്തിപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഷാനിമോൾ ഉസ്മാൻ പൊലീസിന് പരാതി നൽകിയത്. 

shanimol usman complainted against k sudharkaran for puthana statement
Author
Alappuzha, First Published Oct 7, 2019, 3:16 PM IST

ആലപ്പുഴ:  'പൂതന' എന്ന് വിളിച്ച് ആക്ഷേപിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാൻ പൊലീസിന് പരാതി നൽകി. സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ അപകീർത്തിപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഷാനിമോൾ ഉസ്മാൻ പരാതി നൽകിയത്. കുത്തിയതോട് പൊലീസിലും ആലപ്പുഴ എസ്പിക്കും ഷാനിമോൾ പരാതി നൽകി.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്‍റെ പരാമർശം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി മന്ത്രിക്കെതിരെ ഷാനിമോൾ ഉസ്മാൻ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.

ഇതിനിടെ, തനിക്കെതിരായ ആരോപണത്തിൽ മന്ത്രി ജി സുധാകരനും ജില്ലാ കളക്ടർക്ക് പരാതി നൽകി. യുഡിഎഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ചാണ് ജി സുധാകരൻ ഇന്നലെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും സുധാകരൻ വ്യക്തമാക്കി. പ്രസംഗം വിവാദമായതോടെ, ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ വിശദീകരിച്ചിരുന്നു.

പൂതന' പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം  റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും മീണ ആവശ്യപ്പെട്ടിരുന്നു. ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാന്‍ നൽകിയ പരാതിയിലായിരുന്നു ടിക്കാറാം മീണയുടെ ഇടപെടൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

Read More: സുധാകരന്‍റെ 'പൂതന' പരാമര്‍ശം; കളക്ടറോടും ഡിജിപിയോടും അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

അതേസമയം, അരൂരിൽ സ്ഥാനാർത്ഥിക്കെതിരായ വ്യക്തിഹത്യാ ആരോപണം സഹതാപ തരംഗമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഷാനിമോൾക്കെതിരായ പരാമർശത്തിൽ മന്ത്രി ജി സുധാകരൻ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിക്കെതിരായ ക്രിമിനൽ കേസിന് പിന്നാലെ വ്യക്തിഹത്യാ ആരോപണവും സജീവചർച്ചയാക്കുകയാണ് യുഡിഎഫ്. സ്ത്രീ വിരുദ്ധ പരാമർശം ചർച്ചയായാൽ സഹതാപതരംഗം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 

Read More: സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷന്‍; മികച്ച ഭൂരിപക്ഷത്തിൽ ഷാനിമോൾ വിജയിക്കുമെന്ന് ചെന്നിത്തല

എന്നാൽ, യുഡിഎഫ് ആരോപണങ്ങൾക്ക് മറുപടി നൽകാതെ വികസനവിഷയങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് എൽഡിഎഫിന്‍റേത്. മന്ത്രിയുടെ പരാമർശം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സുധാകരൻ കവിയും സാഹിത്യകാരനും ആണെന്നും പൂതന പ്രയോഗം ഏത് സാഹചര്യത്തിലാണെന്ന് മന്ത്രിയോട് ചോദിക്കുമെന്നും ആയിരുന്നു വിഷയത്തിൽ കോടിയേരിയുടെ പ്രതികരണം. സിപിഎം സ്ത്രീകളെ അപമാനിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

Read More: 'സുധാകരൻ കവിയും സാഹിത്യകാരനുമാണ്'; പൂതന പ്രയോ​ഗം പരിശോധിക്കുമെന്ന് കോടിയേരി

Follow Us:
Download App:
  • android
  • ios