കൊച്ചി: വയനാട് ബത്തേരിയില്‍ സർവ്വജന സ്കൂളിലെവിദ്യാര്‍ത്ഥിനി സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി അധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ കെ മോഹനുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇരുവരേയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നിലവിൽ ഇരുവരും സസ്പെൻഷനിൽ ആണ്, അതു കൊണ്ട് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഇല്ല. തിരിച്ചു സർവീസിൽ കയറിയാൽ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും  അന്വേഷണവുമായി സഹകരിക്കണം. ഇരുവരേയും  അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം. അറസ്റ്റു ചെയ്താൽ അന്നു തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. 

വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

സംഭവത്തില്‍ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഷഹല ഷെറിന് ചികിത്സ നൽകുന്നതിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായും കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയില്‍ നേരത്തെ വിശദീകരണം നൽകിയിരുന്നു.