ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണം, വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിർബന്ധിത വിരമിക്കല്‍ നടപ്പാക്കുമെന്നും കാരണം കാണിക്കല്‍ നാട്ടീസില്‍ പറയുന്നു.
കോഴിക്കോട്: കോഴിക്കോട് ഫറോഖ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് (Umesh Vallikkunnu) കാരണം കാണിക്കല്‍ നോട്ടീസ്. നിർബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് സിറ്റി പോലീസ് കമ്മീഷണർ നല്‍കിയത്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണം, വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിർബന്ധിത വിരമിക്കല്‍ നടപ്പാക്കുമെന്നുമാണ് വിരമിക്കുന്ന ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് തയ്യാറാക്കിയ കാരണം കാണിക്കല്‍ നോട്ടീസിസില്‍ പറയുന്നത്.
കോഴിക്കോട് സിറ്റി കണ്ട്രോൾ റൂമില്‍ ജോലി ചെയ്യവേ യുവതിക്ക് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. 15 വര്‍ഷത്തെ സര്‍വീസിനിടെ ഉമേഷ് രണ്ട് വട്ടം സസ്പെന്‍ഷനും പലവട്ടം മറ്റ് അച്ചടക്ക നടപടികൾക്കും വിധേയനായിട്ടുണ്ട്. നിലവില്‍ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ഉമേഷ്. കാരണം നോട്ടീസിനെതിരെ നിയമപരമായി നേരിടുമെന്ന് ഉമേഷ് പ്രതികരിച്ചു. നോട്ടീസ് നിയമപരമല്ലെന്നാണ് ഉമേഷിന്‍റെ വാദം. പിഎസ്‍സി വഴി നിയമനം കിട്ടിയ തന്നെ പിരിച്ചുവിടാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മേലധികാരികള്‍ക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും ഉമേഷ് പറഞ്ഞു.
വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കമുള്ള സദാചാര പ്രശ്നങ്ങൾ ആരോപിച്ച് 2020 സെപ്തംബറിലാണ് ഉമേഷിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ആറ് മാസത്തിന് ശേഷം, അന്വേഷണം പൂർത്തിയാക്കി സർവ്വീസിൽ തിരിച്ചെടുക്കണമെന്ന ഉമേഷിനെ അഭ്യർത്ഥന പ്രകാരം 2021 മാര്‍ച്ചില്‍ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ ഉമേഷിനെ നിയമിച്ച് കൊണ്ട് കമ്മീഷണർ ഉത്തരവിട്ടുകയും ചെയ്തിരുന്നു.

നേരത്തെ ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചതിന് 2019ലും ഉമേഷിനെ കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ച്ചയായി അച്ചടക്ക നടപടിയെടുക്കുന്നത് കമ്മീഷണർക്ക് വ്യക്തിവിദ്വേഷണം ഉള്ളത് കൊണ്ടാണെന്നായിരുന്നു ഉമേഷിൻ്റെ ആരോപണം. ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചതിന് ഉമേഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടിരുന്നു. സദാചാര പ്രശ്നങ്ങൾ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തതിനെതിരെ സാംസ്കാരിക പ്രവർത്തകരടക്കം നിരവധി പേർ ഉമേഷിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സുഹൃത്തായ യുവതിയുടെ ഫ്ളാറ്റില്‍ ഉമേഷ് നിത്യ സന്ദര്‍ശനം നടത്തുന്നു എന്നതടക്കമുളള സസ്പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ അപകീർത്തികരമായിരുന്നു എന്ന് കാണിച്ച് കൊണ്ട് യുവതി ഉത്തരമേഖല ഐജിക്ക് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. അതേസമയം തിരിച്ചെടുക്കണമെന്ന അപേക്ഷയിൽ കമ്മീഷണറുടെ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തതന്നും അതേപറ്റി പരാമർശമൊന്നും ഉണ്ടായിരുന്നില്ലെന്നും ഉമേഷ് ആരോപിക്കുന്നു.
Also Read: 'വേട്ടയാടലും സദാചാര പൊലീസിങ്ങും ആസൂത്രിതം'; വെളിപ്പെടുത്തലുമായി ഉമേഷ് വള്ളിക്കുന്ന്
