ലഹരിക്കെതിരായ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വാര്‍ഡുകളിലും മനുഷ്യ മതില്‍ സംഘടിപ്പിക്കും.

കൊച്ചി: ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി കോണ്‍ഗ്രസ്. സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളത്തെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും മനുഷ്യ മതില്‍ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. മനുഷ്യ മതിലിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിന്‍റെ കൊച്ചി കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം 67 ആം ഡിവിഷനില്‍ മുഹമ്മദ് ഷിയാസ് നിര്‍വഹിച്ചു. മനുഷ്യമതിലില്‍ സിഗ്നേച്ചര്‍ പതിപ്പിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കും.

ലഹരി മരുന്നുകളുടെ അടിമത്തത്തില്‍ നിന്ന് സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരായി കെപിസിസി ആഹ്വാന പ്രകാരം ഓഗസ്റ്റ് 9ന് ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളിലേക്ക് കാമ്പയിന്‍ വിപുലീകരിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍ ഓഗസ്റ്റ് 15ന് വൈകീട്ട് നാലിന് സാമൂഹിക രാഷ്ട്രീയ നേതാക്കള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്‌കാരിക നായകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കുചേരുമെന്നും നേതാക്കൾ അറിയിച്ചു.

എറണാകുളം മേനകയില്‍ നടന്ന ചടങ്ങില്‍ കെ വി പി കൃഷ്ണകുമാര്‍, ജോസഫ് ആന്റണി, മനു ജേക്കബ്, കെ എം കൃഷ്ണലാല്‍, രാജു കുമ്പളാന്‍, കെ വി ആന്റണി, കെ കെ അജ്മൽ എന്നിവര്‍ സംസാരിച്ചു.

YouTube video player