തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെ എന്ന് സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും പരാതി ഉന്നയിച്ചു. രിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന പരാതിയുമായി രാഷ്ട്രീയ കക്ഷികൾ. തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെ എന്ന് സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും പരാതി ഉന്നയിച്ചു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 ഫോമുകൾ മരണപ്പെട്ടവരുടേത് ആണെന്ന കണക്കിൽ സിപിഐ സംശയം പ്രകടിപ്പിച്ചു. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കണം എന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു.

കരട് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ്, എന്യുമറേഷൻ ഫോം തിരികെ കിട്ടാത്തവരെ കണ്ടെത്താൻ വീണ്ടും ശ്രമം നടത്തണം എന്ന് രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു. ഇവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ ബിഎല്‍എമാർക്ക് ഇന്ന് തന്നെ കൈമാറണം എന്നും ഇവരുടെ വിവരങ്ങൾ അസംബ്ലി അടിസ്ഥാനത്തിൽ ലഭ്യമാക്കണം എന്നും രാഷ്ട്രീയ കക്ഷികൾ ആവശ്യമുയർന്നു. എന്യുമറേഷൻ ഫോം തിരിച്ചു ലഭിക്കാത്ത 25 ലക്ഷം പേരുടെ വിവരങ്ങളും ബിഎല്‍എമാർക്ക് കൈമാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കി. മരണപ്പെട്ടവരുടെ വിവരങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം. എന്യുമറേഷൻ ഫോം ഒപ്പിട്ട് നൽകിയവരെ എല്ലാം കരട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കരട് പട്ടികയിൽ ഉൾപ്പെടാത്തവരുടെ ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കുമെന്ന് സിഇഒ അറിയിച്ചു. അർഹതയുള്ള ഒരാളുടെയും പേര് ഒഴിവാക്കരുതെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു.