കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പുതിയ വഴിത്തിരിവ്. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. റിബേഷ് രാമകൃഷ്ണന് സ്ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയെ തുടർന്ന് ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പുതിയ ആളെ ചോദ്യം ചെയ്ത് എസ്ഐടി. തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിന്‍റെ മൊഴിയാണ് രേഖപെടുത്തിയത്. റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നാണെന്നാണ് സൂചന. ജിതിന്‍റെ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. റിബേഷ് രാമകൃഷ്ണന് സ്ക്രീൻ ഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനായില്ല എന്നായിരുന്നു നേരത്തെ പൊലീസിന്‍റെ റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കേസിൽ ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. കള്ള കേസുകളിൽ പാർട്ടിയെ കുടിക്കുന്നത് നിത്യ സംഭവമാണ്. മുൻ അന്വേഷണം നല്ലതായിരുന്നു എന്നും അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാം അതിജീവിച്ചാണ് പാർട്ടി വളർന്നത്. എന്നായാലും സത്യം പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശദവിവരങ്ങൾ

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗത്തിൽ കേസിലെ നിലവിലെ സ്ഥിതിയാണ് പരിശോധിച്ചത്. സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചവരെ കണ്ടെത്തിയെങ്കിലും ഉറവിടം ഏതെന്നോ, ആരാണ് നിർമ്മിച്ചതെന്നോ മുൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല. സ്ക്രീന്ഷോട്ട് ആദ്യം പങ്ക് വച്ചവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്‍റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല. മെറ്റയിൽ നിന്നുള്ള മറുപടിയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണനുള്‍പ്പെടെ സക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തവരെ ചോദ്യം ചെയ്ത് ഉറവിടം കണ്ടെത്താനാണ് നീക്കം.

സി പി എം നൽകിയ കേസിൽ ആദ്യം പ്രതി ചേർത്ത എം എസ് എഫ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെതിരായ, പരാതിക്കാരന്‍റെയും മൊഴി എടുക്കും. മെറ്റയോട് വീണ്ടും റിപ്പോർട്ട് തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. സൈബർ പൊലീസിലെ വിദഗ്ദരേയും അന്വേഷണത്തിൽ ഉൾപ്പെടുത്തും. കോഴിക്കോട് റൂറൽ എസ് പി ടി ഫറാഷ്, ഡി വൈ എസ് പി ടി മനോഹരന്‍ തുടങ്ങി മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ആദ്യ യോഗത്തിൽ പങ്കെടുത്തു. അന്വേഷണ സംഘത്തിൽ സി പി എം സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയതിൽ യു ഡി എഫ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. സി ഐ ദിനേശ് എ വി, എസ് ഐ രഞ്ജിത് കെ, പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് എന്നിവരെ മാറ്റണം എന്നാണ് ആവശ്യം.