അഞ്ച് വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് പിടഞ്ഞു മരിച്ചത് 102 പേർ. ഇതിൽ വാക്സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം പേവിഷബാധയേറ്റ് മരിച്ചത് ആറ് പേരാണ്. അഞ്ച് വർഷത്തിനിടെ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 20 പേരും. വാക്സിനെടുത്താലും മരണത്തിലേക്ക് നയിക്കുന്നത് തലയ്ക്കും മുഖത്തുമേൽക്കുന്ന മാരകമായ മുറിവുകളാണ്. 

മലപ്പുറത്തെ അഞ്ചുവയസ്സുകാരി സിയ, ഈ മാസം 9 ന് പത്തനംതിട്ടയിൽ മരിച്ച 12 കാരി ഭാഗ്യലക്ഷ്മി, ഫെബ്രുവരിയിൽ ആലപ്പുഴയിൽ മരിച്ച 9 കാരൻ സാവൻ എന്നീ കുഞ്ഞുങ്ങളുടെ ജീവനെടുത്തതും പേവിഷബാധയാണ്. ഈ മാസം മാത്രം 6 പേവിഷബാധാ മരണങ്ങളാണ് നടന്നത്. 2021 ല്‍ 11 പേരായിരുന്നു മരിച്ചത്. 2022 ല്‍ 27 പേർ. 2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഈ വര്‍ഷം വെറും നാലുമാസത്തിനുളളില്‍ 13 മരണം. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് പിടഞ്ഞു മരിച്ചത് 102 പേർ. ഇതിൽ വാക്സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുളളവര്‍ വാക്സിന്‍ എടുത്തിരുന്നില്ല. 13 ലക്ഷത്തോളം പേര്‍ക്കാണ് അഞ്ച് വര്‍ഷത്തിനിടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലുമായി പരിക്കേറ്റത്.

20 ഇടങ്ങളില്‍ മാരകമായ മുറിവായിരുന്നു മലപ്പുറത്ത് മരിച്ച സിയയുടെ ശരീരത്തിലുണ്ടായത്. തലയിലോ മുഖത്തോ ഉണ്ടാകുന്ന ഗുരുതര മുറിവുകൾ വൈറസ് വേഗത്തില്‍ തലച്ചോറിനെ ബാധിക്കാൻ കാരണമാകും. വാക്സിനെടുത്താലും മരണത്തിലേക്ക്
എത്താൻ കാരണം ഇതാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്ന്. എന്നാൽ വാക്സിൻ സുരക്ഷിതവും കാര്യക്ഷമവും എന്നാണ് ഇപ്പോഴും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്. 

Read More:പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി പിതാവ്

നായ കടിച്ചതിന് ശേഷമുള്ള ആദ്യ മിനിറ്റുകൾ വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സിനെടുക്കുന്നതും അടക്കം പെട്ടന്ന് ചെയ്യേണ്ട കാര്യങ്ങളാണ്. പേവിഷബാധകൊണ്ട് മരണങ്ങൾ കൂടുമ്പോഴും തെരുവുനായശല്യത്തിന്റെ നിയന്ത്രണം വേ​ഗത്തിൽ നടക്കുന്നില്ല. സംസ്ഥാനത്ത് ഇപ്പോൾ നാലുലക്ഷത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി പദ്ധതിക്കായി നിലവിൽ 22 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം