അതിവേഗം പുറത്താക്കി വീര പരിവേഷത്തോടെ തോമസ് സിപിഎം പാളയത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നാണ് നേതാക്കളുടെ നിലപാട്. നടപടിക്രമങ്ങൾ അതിൻ്റെ വഴിക്ക് നീങ്ങട്ടെയെന്നും തോമസ് സ്വയം പുറത്തുപോകുന്നെങ്കിൽ പോകട്ടെ എന്നുമാണ് പാർട്ടിയിലെ അഭിപ്രായം.
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനെതിരായ (K V Thomas) അച്ചടക്കനടപടിയിൽ തന്ത്രപരമായ മെല്ലെപ്പോക്ക് നയത്തിൽ കോൺഗ്രസ് (Congress). അതിവേഗം പുറത്താക്കി വീര പരിവേഷത്തോടെ തോമസ് സിപിഎം പാളയത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നാണ് നേതാക്കളുടെ നിലപാട്. നടപടിക്രമങ്ങൾ അതിൻ്റെ വഴിക്ക് നീങ്ങട്ടെയെന്നും തോമസ് സ്വയം പുറത്തുപോകുന്നെങ്കിൽ പോകട്ടെ എന്നുമാണ് പാർട്ടിയിലെ അഭിപ്രായം.
കെവി തോമസ് കോൺഗ്രസ്സിലുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പുറത്താണോ എന്ന് ചോദിച്ചാൽ അതുമില്ല. ഈ ആശയക്കുഴപ്പം ഇങ്ങിനെ തുടരട്ടെ എന്നാണ് പുറത്താക്കാൻ മുമ്പ് ആവേശം കാണിച്ച നേതാക്കളുടെ വരെ അഭിപ്രായം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പുറത്താക്കിയാൽ ഹീറോ പ്രതിച്ഛായയിൽ തോമസ് സിപിഎം ചേരിയിലേക്ക് നീങ്ങുമെന്നാണ് കോൺഗ്രസ് വിശ്വാസം. തോമസിനെ സ്വീകരിക്കാൻ സിപിഎം വാതിലുകളെല്ലാം തുറന്നിട്ടിരിക്കുന്നു പോകാൻ തോമസും തയ്യാറായിരിക്കുമ്പോഴാണ് മെല്ലെപ്പോക്ക് നയത്തിലേക്കുള്ള കോൺഗ്രസ് ചുവട് മാറ്റം. പാർട്ടിയുടെ ഒരു പരിപാടികളിലേക്കും ക്ഷണിക്കാതെ അവഗണിച്ചുവിടൽ ലൈൻ കുറച്ചുകൂടിയാകാമെന്നാണ് നേതാക്കളുടെ സമീപനം.
തോമസ് അച്ചടക്കസമിതിക്ക് വിശദീകരണം നൽകി ദിവസങ്ങൾ പിന്നിട്ടു. പക്ഷെ എകെ ആൻ്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതി ഇനി എന്ന് ചേരുമെന്ന് പോലും തീരുമാനിച്ചിട്ടില്ല. നടപടി എടുത്താൽ പോലും പുറത്താക്കൽ വേണ്ടെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീകാര്യ സമിതിയിൽ നിന്നും മാത്രം മാറ്റി പ്രാഥമിക അംഗത്വം നിലനിർത്തി തോമസിനെ വെട്ടിലാക്കാമെന്നും അഭിപ്രായമുണ്ട്. നടപടി നീളുന്നതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വന്നാൽ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം കൂട്ടി തോമസിനെ കൂടുതൽ കുുരുക്കിലാക്കാനാകുമെന്നാണ് വിലിരുത്തൽ.
തോമസാകട്ട കെപിസിസി അധ്യക്ഷനെും പ്രതിപക്ഷ നേതാവിനെയും അനുദിനം കടന്നാക്രമിച്ചും സിപിഎം നേതാക്കളുമായി അടുപ്പും പ്രകടിപ്പിച്ചും ദില്ലി തീരുമാനത്തിന് കാത്തിരിക്കുന്നു. തോമസിൻ്റെ പ്രകോപനങ്ങളും വിമർശനങ്ങളും മറുപടി പറയാതെ വിടണമെന്ന് സംസ്ഥാന നേതാക്കൾക്കിടയിലെ ധാരണയുണ്ട്. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് ഒഴിവാക്കാമെന്നാണ് തീരുമാനം. അതേസമയം, മെല്ലപ്പെോക്ക് തന്ത്രത്തിനുുമുണ്ട് നെഗറ്റീവ്. നേതൃത്വത്തെ വെല്ലുവിളിച്ചിട്ടും ശക്തമായ നടപടി വരുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടും നീണ്ട് നീണ്ടുപോകുന്ന തീരുമാനം തിരിച്ചടിക്കുമോ എന്ന ആശങ്കയും പാർട്ടിയിലുണ്ട്.
'എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞു'; കുര്യനും തോമസിനും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം
പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെയും രാഹുൽ ഗാന്ധിയെ വിമർശിച്ച പി ജെ കുര്യനെതിരെയും കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. ഇരുവർക്കുമെതിരായ പരാതികളിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്ന് രാഷ്ട്രീയകാര്യസമിതി നിലപാടെടുത്തു. പി ജെ കുര്യനും സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി മൂലം മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
അംഗ്വത്വ വിതരണത്തിന് ശേഷം നടന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം മുതിർന്ന നേതാക്കൾക്കെതിരായ വിമർശനത്തോടെയാണ് തുടങ്ങിയത്. പി ജെ കുര്യനും കെ വി തോമസും പാർട്ടിയിൽ നിന്ന് എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്ന് ടി എൻ പ്രതാപൻ വിമര്‍ശിച്ചു. കർശനമായ അച്ചടക്ക നടപടി വേണമെന്ന പ്രതാപന്റെ ആവശ്യത്തെ ആരും എതിർത്തില്ല. കെ വി തോമസിനെതിരെയുള്ള പരാതി അച്ചടക്കസമിതി പരിഗണിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ മറ്റ് നിലപാടുകൾ വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പി ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും അവർ നിലപാടെടുക്കട്ടെയെന്നും കെപിസിസി നേതൃത്വം വിശദീകരിച്ചു.
അതേസമയം, യോഗത്തിന് നിന്ന് പി ജെ കുര്യനും കെ വി തോമസും വിട്ടുനിന്നു. വ്യക്തിപരമായ അസൗകര്യമറിയിച്ചാണ് പി ജെ കുര്യൻ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അറിയിച്ചത്. എന്നാൽ ഇന്നലത്തെ വിമർശനത്തിന് പിന്നാലെ താനായിരിക്കും ചർച്ചയുടെ കേന്ദ്ര ബിന്ദുവെന്ന് തിരിച്ചറിഞ്ഞാണ് കുര്യൻ വരാതിരുന്നതെന്നാണ് സൂചന. ഇന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുല്ലപ്പള്ളി കെപിസിസി നേതൃത്വവുമായി കുറേകാലമായി അകന്ന് നിൽക്കുകയാണ്. സർക്കാരിനെതിരെ സമര പരിപാടികളുൾപ്പടെ നടത്തുന്നതിൽ നേതൃത്വം പരാജയമാണെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ. അതിനിടെ വീണ്ടും സംസ്ഥാന നേതൃത്വത്തെ കെ വി തോമസ് വിമർശിച്ചു.
അംഗത്വ വിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തത് മെമ്പർഷിപ്പിനെ ബാധിച്ചുവെന്ന വിമർശനം രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നു. കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ച പറ്റി. കുറഞ്ഞ സമയത്തിനുള്ളിൽ അംഗത്വവിതരണം തീർക്കുന്നതിൽ വെല്ലുവിളി ഉണ്ടായെന്ന് കെ സുധാകരൻ മറുപടി നൽകി. ഡിജിറ്റൽ വഴിയും കടലാസ് വഴിയും 35 ലക്ഷത്തിലധികം അംഗങ്ങളെ ചേർക്കനായെന്ന് പ്രസിഡന്റ് അറിയിച്ചു. തൃക്കാക്കരെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു.
