ചാലക്കുടി: ചാലക്കുടിയിൽ ഒമ്പത് വയസുകാരന് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ‍ഡോക്ടര്‍. കുട്ടി ഒരു ദിവസം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുമെന്നും നാളെ ആശുപത്രി വിടാനാകുമെന്നും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോ. ജോസഫ് കെ. ജോസഫ് പ്രതികരിച്ചു.

ചാലക്കുടി സിഎംഐ കാർമൽ സ്കൂളിലെ വിദ്യാർത്ഥി ജെറാൾഡിനാണ് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റത്. എന്നാല്‍, കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമായി. സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ അച്ഛൻ ഷൈജൻ രംഗത്തെത്തി. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു.

ചാലക്കുടിയിൽ വിദ്യാര്‍ത്ഥിക്ക് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റു; വിഷബാധയേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്

പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ല. തന്നെ വിളിച്ചു വരുത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. 15 മിനിറ്റിനകം താൻ എത്തിയെന്നും കൂടുതൽ പരാതികൾക്കില്ലെന്നും ഷൈജൻ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് ബത്തേരിയില്‍ സർവജന സ്കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ സ്കൂളില്‍വെച്ച്  പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.