ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാറുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെത്തുകാരനെ ആർക്കും വേണ്ട, എന്നാൽ ചെത്തുകാരൻ്റെ പണം എല്ലാവർക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരൻ്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്. തന്നെ പണ്ട് കരിങ്കൊടി കാണിച്ചതും ചെത്തുകാരാണ്. ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തി വളർന്നു. മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈഴവ സമുദായം വോട്ടുകുത്തി യന്ത്രങ്ങൾ ആയി മാറി. ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുകയാണ്. കോൺഗ്രസിൽ ഒരു ഈഴവ എംഎൽഎ മാത്രമേ ഉള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തുമ്പോൾ അത് നല്ലത് എന്നാണ് എസ്എൻ‍ഡിപിയുടെ അഭിപ്രായം. കൂടുതൽ ഭക്ത ജനങ്ങൾ വന്നാൽ നല്ലതാണ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചയ്ക്കും നല്ലതാണ്. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചക്ക് സംഗമം നല്ലതാണ്. ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അദ്ധ്യായമാണ്. എസ്എൻഡിപി സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നില്ല. ഇത് വിശ്വാസത്തിന്റെയും വിശ്വാസം ഇല്ലായ്മയുടെയും പ്രശ്നമല്ല. ശബരിമലയിൽ പോകുന്ന 99 ശതമാനം പേരും കമ്മ്യൂണിസ്റ്റുകാരാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യം വികസിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഇപ്പോൾ ഉള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ആദർശ രാഷ്ട്രീയം മരിച്ചു. വോട്ട് ബാങ്ക് ഉള്ള സമുദായത്തെ സ്ഥാനാർത്ഥിയാക്കാനും പിന്തുണക്കാനും ആളുണ്ട്. ആദർശ രാഷ്ട്രീയത്തിനായി നില കൊള്ളുമ്പോൾ തഴയപ്പെട്ടിട്ടുള്ളത് ഈഴവരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

YouTube video player