സ്വർണക്കടത്ത് കേസിന് പുറമെ സോളാർ കേസ് ഉയർന്നുവരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാഷ്ട്രീയ വിവാദമായി സോളാർ കേസ്. ഉമ്മൻചാണ്ടി ഉൾപ്പെടയുള്ള നേതാക്കൾക്ക് എതിരെയുള്ള കേസ് സിബിഐക്ക് വിട്ടത് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. നാലേമുക്കാൽ വർഷം ഒന്നും ചെയ്യാത്ത സ‍ർക്കാർ തുടർ ഭരണം കിട്ടില്ലെന്നുറപ്പായതോടെ കേസ് സിബിഐക്ക് വിട്ടതെന്നാണ് യുഡിഎഫിന്‍റെ വിമർശനം. അന്വേഷണം നേരിടുന്ന യുഡിഎഫ് നേതാക്കൾ നടപടിക്കെതിരെ കോടതിയെ സമീപ്പിക്കില്ല. അതേസമയം സ്വർണക്കടത്ത് കേസിന് പുറമെ സോളാർ കേസ് ഉയർന്നുവരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമാണ് കേസ് സിബിഐക്ക് വിട്ടതെന്ന വിശദീകരണം നടത്തിയായിരിക്കും എൽഡിഎഫ് വിമർശനങ്ങളെ നേരിടുക.