ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം നടന്നത്. രണ്ട് മണിയോടെ മാര്‍ട്ടിന്‍ പാപ്പച്ചനെ ആക്രമിക്കുകയായിരുന്നു. വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകർത്തു. വീട്ടുകാർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു.
കണ്ണൂര്‍: കണ്ണൂരിൽ മദ്യലഹരിയില്‍ അച്ഛനെ മകൻ നിലത്തിട്ട് ചവിട്ടി. പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പ്രതി പിടിയിലായതായി പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം നടന്നത്. രണ്ട് മണിയോടെ മാര്‍ട്ടിന്‍ പാപ്പച്ചനെ ആക്രമിക്കുകയായിരുന്നു. വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകർത്തു. മദ്യലഹരിയിൽ വീട്ടിലെത്തിയ മാർട്ടിൻ ഫിലിപ്പ് പാപ്പച്ചനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം ഏറെ നേരം തുടർന്നപ്പോൾ പിടിച്ചു വെക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഇവർ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ദൃശ്യങ്ങൾ പിന്നീട് ബന്ധുക്കൾ തന്നെ മാധ്യമങ്ങൾക്കും പൊലീസിനും കൊടുക്കുകയായിരുന്നു.
മർദ്ദനത്തിന് ശേഷം രാവിലെ മാർട്ടിൻ ഫിലിപ്പ് വീടിനകത്തെ മേശയും കസേരയും അടക്കമുള്ള സാധനങ്ങൾ വലിച്ച് പുറത്തിട്ട് തകർത്തു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇയാൾ വീട്ടിൽ നിന്ന് കടന്ന് കളഞ്ഞിരുന്നു. പിന്നീട് പത്ത് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാർട്ടിൻ ഫിലിപ്പിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
നേരത്തെ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ഇയാൾ സമാനമായ രീതിയിലും അക്രമം നടത്തിയതായി പയ്യന്നൂർ പൊലീസ് പറയുന്നു. ഇയാളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും

