കേരളത്തിലെ ആരോഗ്യരംഗത്തെ പ്രശംസിച്ച വിദേശവനിത ചികിത്സയുടെ ഫലത്തെക്കുറിച്ച് പുതിയ വീഡിയോ പങ്കുവെച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷവും മുഖക്കുരു പൂർണമായി മാറിയില്ലെന്നും, ആൻ്റിബയോട്ടിക് കഴിക്കില്ലെന്നും അവർ പറഞ്ഞു
ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പ്രകീർത്തിച്ച വിദേശവനിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. സ്പെയിനിൽ എട്ട് മാസം കാത്തിരുന്നാലേ ഡോക്ടറെ കാണാനാവൂ എന്നും കേരളത്തിൽ പത്ത് മിനിറ്റിൽ ഡോക്ടറെ കണ്ടുവെന്നും പറഞ്ഞ അവർ, മുഖക്കുരുവിനാണ് ചികിത്സ തേടിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ത്വക് രോഗ വിഭാഗത്തിൽ നിന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് മരുന്ന് വാങ്ങി. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും മുഖക്കുരു പൂർണമായും മാറിയില്ല. പുതുതായി കുരു വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർ പുതിയ വീഡിയോ പങ്കുവെച്ചത്.
രണ്ടാഴ്ചത്തേക്ക് മുഖത്ത് പുരട്ടാനുള്ള രണ്ട് മരുന്നുകളാണ് ഡോക്ടർ ആശുപത്രിയിൽ നിന്ന് കുറിച്ച് നൽകിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കുരു പൂർണമായി മാറിയില്ലെങ്കിൽ തിരികെ ആശുപത്രിയിൽ വരണമെന്നും ആൻ്റിബയോട്ടിക് കഴിക്കണമെന്നുമാണ് ഡോക്ടർ നിർദേശിച്ചത്. എന്നാൽ ആൻ്റിബയോട്ടിക് കഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിദേശവനിത പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു. രണ്ടാഴ്ചത്തെ ആക്നെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു. മുഖക്കുരു മുൻപത്തേതിലും ഭേദമായിട്ടുണ്ട്. പക്ഷെ പൂർണമായി മാറിയില്ല. പുതിയത് വരുന്നുമുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഭേദമായില്ലെങ്കിൽ ആശുപത്രിയിൽ തിരികെ ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. ആൻ്റിബയോട്ടിക് കഴിക്കണമെന്നും പറഞ്ഞു. എന്നാൽ ആൻ്റിബയോട്ടിക് കഴിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും അവർ പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു.
രണ്ടാഴ്ച മുൻപ് ത്വക് രോഗ വിദഗ്ധനെ കാണാൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയ വെറോണിക്ക്, തൻ്റെ നാടായ സ്പെയിനിൽ ഡോക്ടറെ കാണാൻ മാസങ്ങളോളം കാത്തിരിക്കണമെന്നും ഇവിടെ പത്ത് മിനിറ്റിൽ താൻ ഡോക്ടറെ കണ്ടുവെന്നും പറഞ്ഞിരുന്നു. ഈ അനുഭവം അവർ വീഡിയോ ആയി പങ്കുവെച്ചത് വലിയ തോതിൽ ചർച്ചയായി. പതിനായിരക്കണക്കിനാളുകൾ വീഡിയോ കാണുകയും കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് കമൻ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ചികിത്സയുടെ ഫലം സംബന്ധിച്ച് പുതിയ വീഡിയോ വെറോണിക്ക പുറത്തുവിട്ടത്.


