ലഹരി സംഘത്തിന്‍റെ നിര്‍ദ്ദേശാനുസരണം സ്കൂള്‍ യൂണിഫോമില്‍ താന്‍ ലഹരി കടത്തിയെന്ന കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും സ്കൂളിലെത്തി. 

കോഴിക്കോട്: സ്കൂള്‍ വിദ്യാർത്ഥിനിയെ ലഹരി മാഫിയ കാരിയര്‍ ആക്കിയ സംഭവം വടകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ നായർ ആണ് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.

ലഹരി മാഫിയ സംഘത്തിന്‍റെ കെണിയില്‍പ്പെട്ട എട്ടാം ക്ളാസുകാരിയില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുകയും കേസിലെ പ്രതിയെ വിട്ടയച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ലഹരി സംഘത്തിന്‍റെ നിര്‍ദ്ദേശാനുസരണം സ്കൂള്‍ യൂണിഫോമില്‍ താന്‍ ലഹരി കടത്തിയെന്ന കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും സ്കൂളിലെത്തി. സ്കൂളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു.