Asianet News MalayalamAsianet News Malayalam

'പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ട', കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് നിരക്ക് വ‍ർദ്ധനയിൽ കായികമന്ത്രി

ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും കായിക മന്ത്രി വി അബ്ദുറഹ്മാൻ

Sports Minister about the ticket rate of One day cricket match in Kariavattom
Author
First Published Jan 8, 2023, 7:22 PM IST

തിരുവനന്തപുരം : കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി വിവാദം. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി.അബ്ദുറഹ്മാൻ ന്യായീകരിച്ചത്. കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി.

കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000. 18 ശതമാനം ജിഎസ്ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860ഉും ആയി ഉയരും. കഴിഞ്ഞതവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോൾ ആണ് കായികമന്ത്രിയുടെ വിചിത്ര ന്യായീകരണം.

കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20യിൽ നികുതി ഉൾപ്പെടെ 1500ഉം 2750ഉുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധനകൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നും കായികമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ നിരക്കാണ് ഇത്തവണത്തേതെന്നാണ് ബിസിസിഐയുടേയും കെസിഎയുടേയും വിശദീകരണം. മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കി താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോഴാണ് വരുമാനത്തെച്ചൊല്ലിയുള്ള സര്‍ക്കാര്‍-ബിസിസിഐ പോരെന്നതും ശ്രദ്ധേയം.

Read More : രോഹിത്തും കോലിയും അറിയുന്നുണ്ടോ; സ്വപ്‌ന റെക്കോര്‍ഡ് 'സ്കൈ' തകര്‍ക്കാനായി, അതും പാതിപോലും മത്സരം കളിക്കാതെ

Follow Us:
Download App:
  • android
  • ios