തിരുവനന്തപുരം: കൊവിഡ് ഡാറ്റാ ശേഖരണത്തിനായി സർക്കാർ നിയോഗിച്ച സ്പ്രിംക്ലർ കമ്പനിക്ക് കുത്തക മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്നതിൻറെ തെളിവുകൾ പുറത്ത്. കൊവിഡിനായി മരുന്ന് കണ്ടെത്താൻ ശ്രമം നടത്തുന്ന ഫൈസറുമായി സ്പ്രിംക്ലറിന് വർഷങ്ങളുടെ ഇടപാടുണ്ട്. കേരളത്തിൽ നിന്നുള്ള വിവരങ്ങൾ സ്പ്രിംക്ലർ വഴി ചോരുമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മരുന്നു കമ്പനിയുമായുള്ള ബന്ധം പുറത്തുവരുന്നത്.

ഫാർമസ്യൂട്ടിക്കൽ രംഗത്തെ ആഗോളഭീമന്മമാരായ അമേരിക്കൻ കമ്പനിയാണ് ഫൈസർ. ഫൈസറിന്റെ സോഷ്യൽ മീഡിയ സഹായിയാണ് സ്പ്രിംക്ലർ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കമ്പനിയുടെ ബ്രാന്റ് മൂല്യം വർധിപ്പിക്കുക, മെച്ചപ്പെട്ട ഉപഭോകൃത ബന്ധത്തിന് സഹായിക്കുകയ തുടങ്ങിയ കാര്യങ്ങളിലാണ് സ്പിംക്ലറും ഫൈസറും തമ്മിലുള്ള സഹകരണം

2014 മുതൽ ഫൈസറും സ്പ്രിംക്ലറും തമ്മിൽ ഇടപാടുകൾ ഉണ്ട്. ഇരു കമ്പനികളും തമ്മിലെ സഹകരണം സ്പ്രിംക്ലർ സിഇഒ റാഗി തോമസും ഫൈസറിൻറെ സോഷ്യൽ മീഡിയാ ചുമതലയുള്ള സാറാ ഹോളിഡേയും പല വേദികളിലും എടുത്ത് പറയുന്നുണ്ട്. വിവരശേഖരണത്തിന്  സ്പ്രിംക്ലറിൻറെ സഹായം തേടിയതായി ഫൈസറും സമ്മതിക്കുന്നുണ്ട്. 

Read More: ഉത്തരങ്ങള്‍ ലഭിക്കാന്‍ അനേകം ചോദ്യങ്ങള്‍; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ വീണ്ടും

വിവിധ അന്താരാഷ്ട്രരാ പിആർ -വാർത്താ വെബ് സൈറ്റുകളിൽ ഇക്കാര്യം പറയുന്നുണ്ട് .ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നായ ഫൈസറാകട്ടെ ഇപ്പോൾ ശ്രദ്ധ നൽകുന്നത് കൊവിഡിനെതിരായ മരുന്ന് ഉത്പാദിപ്പിക്കുന്നതിനാണ്. കമ്പനിയുടെ വെബ്സൈറ്റിൽ തന്നെ കൊവിഡ് പ്രതിരോധ വാക്സിൻ, മരുന്ന് ഉത്പാദനം തുടങ്ങിയ കാര്യങ്ങളിലെ പുരോഗതി വിശദീകരിക്കുന്നുണ്ട്. 

ഇങ്ങനെ കൊവിഡിനെതിരായ മരുന്ന് ഉത്പാദിപ്പിക്കുന്നതിനായി മുൻനിരയിലുള്ള ഒരു അമേരിക്കൻ കമ്പനിയുമായി വർഷങ്ങളുടെ ഇടപാടുകൾ ഉള്ള സ്പ്രിംക്ലറിനാണ് കേരളത്തിലെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ ലഭിക്കുന്നത്. സ്പ്രിക്ലറുമായുള്ള ഇടപാട് കുത്തക ഇൻഷുറൻസ്, മരുന്ന് കമ്പനികളെ സഹായിക്കാനാണെന്ന് തുടക്കം മുതൽ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഡാറ്റാ മോഷണത്തിന് അമേരിക്കയിൽ കേസുള്ള കമ്പനിക്ക് കരാര്‍ നല്‍കിയത് സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങൾ വിൽക്കാനുള്ള വലിയ തട്ടിപ്പാണെന്നായിരുന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.ചെന്നിത്തലയുടെ ആരോപണത്തിന് കൂടുതൽ ബലം പകരുന്നതാണ് ഈ തെളിവുകൾ.

Read More:"സ്പ്രിംക്ലര്‍ കരാറിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകൾ"; ആരോപണവുമായി പികെ ഫിറോസ്