ഫെയ്‌സ്ബുക് പ്രൊഫൈലിൽ കൊച്ചി വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്
കൊച്ചി: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വയനാട് കുറിച്യ സമുദായത്തിൽ നിന്നുള്ള ശ്രീധന്യ സുരേഷിനെ വംശീയമായി അധിക്ഷേപിച്ചയാൾ കൊച്ചി വിമാനത്താവള ജീവനക്കാരനല്ല. ഇയാൾ ഫെയ്‌സ്ബുക് പ്രൊഫൈലിൽ കൊച്ചി വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ ശ്രീധന്യയെ സിയാൽ അഭിനന്ദിച്ചു.
എന്നാൽ ഇങ്ങിനെയൊരു വ്യക്തി തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ലെന്ന് സിയാൽ വക്താവ് പിഎസ് ജയൻ അറിയിച്ചു. "അജയകുമാർ എന്ന വ്യക്തി സിയാലിലെ ജീവനക്കാരൻ ആണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇയാൾ സിയാലിൽ ജോലിചെയ്തിട്ടില്ല. ഫേസ്ബുക് പ്രൊഫൈലിൽ സിയാലിലെ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണെന്ന് ഇയാൾ അവകാശപ്പെട്ടിരിക്കുന്നത് വാസ്തവവിരുദ്ധമാണ്," എന്ന് സിയാൽ വക്താവ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കുറിച്യ സമുദായത്തിൽ നിന്ന് ആദ്യമായി സിവിൽ സർവ്വീസ് വിജയം നേടിയ പെൺകുട്ടിയെന്ന നിലയിൽ സംസ്ഥാനത്തിന് തന്നെ അഭിമാനമായ ശ്രീധന്യയെ കുറിച്ചുള്ള വാർത്തയ്ക്ക് കീഴിലായിരുന്നു വംശീയ അധിക്ഷേപം. അജയ കുമാർ എന്ന വ്യക്തി നടത്തിയ വംശീയ അധിക്ഷേപ കമന്റിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
അജയ കുമാറിന്റെ പ്രൊഫൈലിൽ നിന്ന് ഇയാൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണെന്ന് മനസിലാക്കിയ നിരവധി പേർ സിയാലിന്റെ ഔദ്യോഗിക പേജിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജയ കുമാർ വസ്തുതാ വിരുദ്ധമായ കാര്യമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സിയാൽ തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയത്.
