അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
''അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കൽപ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ.
എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവർക്കും ആശംസകൾ.''
Also Read: ശ്രീകൃഷ്ണ ജയന്തി 2022; വ്രതം അനുഷ്ഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...
ഇന്ന് ശ്രീകൃഷ്ണ ജയന്തി, പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭായാത്ര
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. കുട്ടികൾക്കായി വിവിധ സംഘടനകൾ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്.
അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ പ്രത്യേക പൂജയും വഴിപാടുകളും ഉണ്ടായിരിക്കും. തിരക്ക് കുറയ്ക്കുന്നതിന് ദർശന ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല. കുഞ്ഞുങ്ങൾക്ക് ചോറൂൺ വഴിപാട് നടത്താം. എന്നാൽ ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം ഉണ്ടാകില്ല. മുപ്പതിനായിരം പേർക്ക് ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും നൽകും. അതേസമയം ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന മോഴ ആന ഇന്ന് ശിരസിലേറ്റും.
