അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡപ്യൂട്ടി തഹസിൽദാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി
മലപ്പുറം: വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കുറ്റം തെളിഞ്ഞാൽ കഠിനമായ നടപടിയുണ്ടാകും. ഒരു മനുഷ്യനും ചെയ്യാൻ പാടില്ലാത്ത നടപടിയാണ് പവിത്രൻ്റേതെന്നും മന്ത്രി വിമർശിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളലിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയത് ആശ്വാസകരമെന്നും മന്ത്രി പറഞ്ഞു. ചൂരൽമല പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കേന്ദ്ര സർക്കാരിൻ്റെ നാടകമായി കണ്ടതുകൊണ്ടാകാം സത്യവാങ്മൂലത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. നിയമം ഭേദഗതി ചെയ്തെന്ന് കേന്ദ്രം പറഞ്ഞതിനെ കേരളത്തിനോടും കോടതിയോടുമുള്ള വെല്ലുവിളിയായാണ് കോടതി കണ്ടിരിക്കുന്നത്. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ ഗുണകരമായ നിലപാടെടുക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമാകുമെന്ന് പ്രതീക്ഷിക്കുന്നു. കോടതിയുടെ ചോദ്യങ്ങൾ ആശാവഹമാണ്. കേന്ദ്രത്തിന് അധികാരം ഉണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 17- 8 - 2024 ൽ കേന്ദ്രത്തിന് പരാതി നൽകുമ്പോൾ ഈ സെക്ഷൻ ഉണ്ടായിരുന്നു. ഒറ്റ യോഗം കൂടിയാൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാമായിരുന്നുവെന്നും മന്ത്രി രാജൻ പറഞ്ഞു.
രാജ്യത്ത് ഒരു നിയമമുണ്ടെന്ന് കേന്ദ്രത്തെ ഓർമ്മിപ്പിച്ച കേരള ഹൈക്കോടതി, വായ്പ്പാ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാനാകുമെന്ന് ഇന്ന് പറഞ്ഞിരുന്നു. അല്ലെങ്കിൽ കേന്ദ്ര സർക്കാർ അശക്തരെന്നു പറയേണ്ടി വരും. ദുരന്തനിവാരണ നിയമത്തിൽ ചട്ടം ഇല്ലെങ്കിൽ കേന്ദ്ര സർക്കാർ അധികാരം പ്രയോജനപ്പെടുത്തണം. തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാർ സാവകാശം തേടിയതോടെ കോടതി മൂന്നാഴ്ച സമയം അനുവദിക്കുകയായിരുന്നു.



