പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചു. ഷർട്ടിന് പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.

പത്തനംതിട്ട: എഴുമറ്റൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പെരുമ്പെട്ടി പൊലീസ് കേസെടുത്തു. എഴുമറ്റൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അഭിനവ് വി പിള്ളയ്ക്ക് ആണ് മർദനമേറ്റത്. ക്ലാസിലിരിക്കുമ്പോൾ ഷർട്ടിന് പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ എഴുമറ്റൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. അഭിനവിന്‍റെ പിൻ ബെഞ്ചിൽ ഇരുന്ന അഞ്ചംഗ സംഘം ഷർട്ടിന്റെ പിൻവശത്ത് പേന വെച്ച് വരയ്ക്കുകയും എഴുതുകയും ചെയ്യുക പതിവായിരുന്നുവെന്ന് അഭിനവ് പറയുന്നു. തിങ്കളാഴ്ച ക്ലാസ്സിൽ എത്തിയ അഭിനവ് ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇൻറർവെൽ സമയത്ത് സൗഹൃദം നടിച്ച അഞ്ചംഗ സംഘം എൽപി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് അഭിനവിന്റെ പരാതിയിൽ പറയുന്നത്.

തലയ്ക്ക് പിന്നിലും മുഖത്തും കണ്ണിനും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് അഭിനവിന്‍റെ മാതാവ് പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. സംഭവത്തിൽ ആരോപണ വിധേയരായ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ എം ബിന്ദു പ്രതികരിച്ചു.