സ്കൂൾ മാനേജര്‍ക്കും അധികൃതര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്ന് രമേശ് ചെന്നിത്തല

കൊല്ലം: സ്കൂളുകളിൽ സമഗ്ര ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി അഞ്ച് വർഷം മുമ്പ് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രമേശ് ചെന്നിത്തല. തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുടെ പോസ്റ്റ്. സ്കൂൾ മാനേജര്‍ക്കും അധികൃതര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്‌കൂളിലുകള്‍ സമഗ്ര ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് അഞ്ചു വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കു നല്‍കിയ കത്ത് അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാംക്‌ളാസ് വിദ്യാര്‍ഥിയായിരുന്ന ഷെഹ്ലാ ഷെരീന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് അന്ന് വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. മിഥുന്‍റെ മരണത്തിനു പിന്നില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥ ആണെന്നും ഉത്തരവാദികളായ സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, ഹെഡ് മിസ്ട്രസ് എന്നിവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്കിന്റെ പൂര്‍ണരൂപം

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ സ്‌കൂള്‍ വളപ്പില്‍ ഷോക്കേറ്റുമരിച്ച വാര്‍ത്ത ഞെട്ടിക്കുന്നതാണ്. മിഥുന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു. ഈ മരണത്തിനു പിന്നില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയല്ലാതെ മറ്റൊന്നുമല്ല. സ്‌കൂള്‍ മാനേജര്‍ക്കൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ക്കും ഈ മരണത്തില്‍ തുല്യഉത്തരവാദിത്തമാണ്. ഉത്തരവാദികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുക്കണം.

അപകടമുണ്ടാക്കിയ ഷെഡ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ പണിതതാണ് എന്നാണ് അറിയുന്നത്. അതിനു മുകളിലേക്ക് അപകടകരമായി കയ്യെത്തും ദൂരത്തില്‍ വൈദ്യുത കമ്പി കാലങ്ങളായി താഴ്ന്ന് കിടന്നിട്ടും ഇതുവരെ അത് നീക്കം ചെയ്യിക്കാനോ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാനോ മാനേജ്‌മെന്റ് തയ്യാറായില്ല. പരാതി കൊടുത്തിട്ടും കെഎസ്ഇബിയും അനങ്ങിയില്ല. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ രക്ഷാധികാരിയായ സ്‌കൂള്‍ മാനേജ്‌മെന്റ് ഭരിക്കുന്നത് സിപിഎമ്മാണ്. ഇത്ര അപകടകരമായ അവസ്ഥ കാലങ്ങളായി തുടര്‍ന്നിട്ടും മാനേജ്‌മെന്റോ സ്‌കൂള്‍ അധികൃതരോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല.

അഞ്ചു വര്‍ഷം മുമ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി ക്‌ളാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം നടന്നപ്പോള്‍ അന്ന് വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധി സ്‌കൂളുകളില്‍ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അന്ന് അതിലെ നിര്‍ദേശമനുസരിച്ച് സമഗ്ര ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല.

YouTube video player