ആ​ഗോള അയ്യപ്പ സം​ഗമം യാതൊരു ആത്മാർത്ഥതയും ഇല്ലാതെ നടത്തിയ പരിപാടിയെന്ന് സണ്ണി ജോസഫ്. അയ്യപ്പ സം​ഗമം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: പമ്പയിൽ സംഘടിപ്പിച്ച ആ​ഗോള അയ്യപ്പ സം​ഗമം യാതൊരു ആത്മാർത്ഥതയും ഇല്ലാതെ നടത്തിയ പരിപാടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരിപാടി പരാജയമാണെന്ന് ദൃശ്യങ്ങൾ തെളിയിച്ചു. യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയതിന്റെ പാപക്കറ അവരുടെ കയ്യിൽ ഉണ്ട്. ആചാരങ്ങൾ ലംഘിക്കാൻ ആണ് സിപിഎമ്മും സർക്കാരും ശ്രമിച്ചതെന്നും അയ്യപ്പ സം​ഗമം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടി മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എഐ ആരോപണത്തിൽ ഗോവിന്ദൻ മാസ്റ്റർ കവടി നിരത്താൻ പോയപ്പോൾ ആകും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആളില്ലാ കസേര എഐ നിര്‍മ്മിതിയെന്ന് എംവി ഗോവിന്ദൻ

വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമെന്നത് മാധ്യമ പ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു. ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്നാണ് അദ്ദേഹം പറഞ്ഞത്. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.