സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ ഇടപെടലുമായി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനിടെ, കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെ മകൻ തിരിച്ചറിഞ്ഞില്ല.
കൊച്ചി: സൂരജ് ലാമയെ കാണാതായതുാമയി ബന്ധപ്പെട്ട ഹര്‍ജിയിൽ ഇടപെടലുമായി ഹൈക്കോടതി. ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഇതിനിടെ, കളമശേരിയിൽ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടെ മകന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. സൂരജ് ലാമയുടെ മകനിൽ നിന്ന് സാമ്പിള്‍ ശേഖരിച്ചു. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട മകൻ നൽകിയ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും മറ്റന്നാൾ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മെഡിക്കൽ കോളേജിൽ പൊലീസ് എത്തിച്ച സൂരജ് ലാമയെ എങ്ങനെയാണ് അവിടെ നിന്നും കാണാതായതെന്നും ഹൈക്കോടതി ചോദിച്ചു. തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം നടക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, സൂരജ് ലാമയെ കാണാതായതിൽ ആര്‍ക്കാണ് ഉത്തരവാദിത്വമെന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയെന്നത് അയാളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു കൂടിയാണെന്നും കോടതി പറഞ്ഞു. മെഡിക്കൽ കോളേജിൽ എത്തിയ സൂരജ് ലാമ എങ്ങനെയാണ് അവിടെ നിന്ന് പുറത്തേക്ക് പോയതെന്ന് ചോദിച്ച കോടതി ഇക്കാര്യങ്ങളെല്ലാം അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ടവർ വേണ്ടവിധത്തിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ടും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ സിറ്റി വരേണ്ടതിന് തൊട്ടടുത്തല്ലേ ഈ സംഭവം ഉണ്ടായതെന്നും എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചി നഗരത്തിലുള്ളതെന്നും കോടതി ചോദിച്ചു. ആരെയെങ്കിലും ആരെങ്കിലും കൊന്നുകൊണ്ട് ഇട്ടാൽ എങ്ങനെയാണ് പൊലീസ് അറിയുകയെന്നും വെറു വെറുമൊരു ഹേബിയസ് കോർപ്പസ് ഹർജിയായി ഇതിനെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരിയിലെ ഒരു കുറ്റിക്കാട്ടിൽ നിന്ന് ആഴ്ചകൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയെന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. സിറ്റി മുൻസിപ്പൽ പ്രദേശത്ത് ഇത്തരം നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളിൽ നിരീക്ഷണം ഏര്‍പ്പെടുത്തണം. ഇത്തരം കാടുപിടിച്ച മേഖലകളിൽ അടക്കം പൊലീസിന്‍റെ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് കളമശ്ശേരി എച്ച്എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ലാമയെ കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ ലാമക്കായി ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണത്തിനിടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ഒക്ടോബര്‍ അഞ്ചിനാണ് ലാമയെ കാണാതായത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് മെട്രോയുടെ ഫീഡര്‍ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ സൂരജ് ലാമ എത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. പിന്നീട് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനുശേഷമാണ് സൂരജ് ലാമയെ കാണാതായത്. സൂരജ് ലാമ ആശുപത്രിയിലെത്തിയപ്പോഴും അതിനുശേഷവും ആശുപത്രി അധികൃതര്‍ക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണ് കൊച്ചിയിൽ എത്തിയതെന്നോ അറിയില്ലായിരുന്നു.



