ടൂറിസം കണക്കുകൾ പറയുന്നത് മഹാകുംഭമേള 12 വർഷത്തിൽ ഒരിക്കൽ നടത്തണം എന്നാണ്
തിരുവനന്തപുരം: സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ. ആറ്റുകാലിൽ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കുടൽ മാണിക്യം വിഷയത്തിലെ അഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്, 'ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ'യെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങൾ തന്നെ പ്രചരിപ്പിച്ചതല്ലേയെന്നും ചോദിച്ച സുരേഷ് ഗോപി, വിഷങ്ങളെല്ലാം നമുക്ക് പുകച്ച് ചാടിക്കാമെന്നും പറഞ്ഞു.
മഹാകുംഭമേളയെക്കുറിച്ചും ആറ്റുകാൽ പൊങ്കാലക്കിടെ സുരേഷ് ഗോപി സംസാരിച്ചു. ടൂറിസം രംഗത്ത് മഹാകുംഭ മേള പഠിപ്പിച്ചത് വലിയ പാഠമാണെന്നും യു പിയുടെ ജി ഡി പി വളർച്ച മോശമെന്ന് പറഞ്ഞവർക്ക് ഒക്കെ ഇപ്പോൾ ആശ്ചര്യമായിരിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ടൂറിസം കണക്കുകൾ പറയുന്നത് മഹാകുംഭമേള 12 വർഷത്തിൽ ഒരിക്കൽ നടത്തണം എന്നാണ്. ഇതെല്ലാം രാജ്യത്തിന്റെ സമ്പത്തിൽ മുതലായി വന്നു ചേരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം.
പൊങ്കാല ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. അടുപ്പ് മണ്ണെണ്ണ പോലുള്ള ദ്രവ ഇന്ധനങ്ങൾ ഉപയോഗിച്ച് കത്തിക്കരുത്.
2. പെട്രോൾ പന്പുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്
3. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു മാത്രം അടുപ്പ് കത്തിക്കുക
4. പൊങ്കാലയിടുന്ന ഒരാൾക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാൻ ശ്രദ്ധിക്കണം
5. ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കുക
6. സാരി, ഷാൾ, അയഞ്ഞ വസ്ത്രങ്ങൾ എന്നിവ ശരീരത്തോട് ചേർത്ത് ചുറ്റിവയ്ക്കുക.
7. അത്യാവശ്യമുണ്ടായാൽ തീ അണയ്ക്കുന്നതിന് സമീപത്ത് വെള്ളം കരുതുക.
8. പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം വയ്ക്കരുത്.
9. ഹൈഡ്രജൻ ബലൂണുകളും സമാന വസ്‌തുക്കളും തീർത്തും ഒഴിവാക്കുക
10. അടുപ്പ് കത്തിക്കുന്നതിനു മുൻപായി അധികമുള്ള വിറക് സുരക്ഷിതമായി മാറ്റിവയ്ക്കുക
11. പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥാനം വീട്ടുപോകുക.
12. വസ്ത്രങ്ങളിൽ തീപിടിച്ചാൽ നിലത്തു കിടന്ന് ഉരുളുക. സമീപത്ത് നിൽക്കുന്നവർ വെള്ളമൊഴിച്ചോ കട്ടിയുള്ള തുണികൊണ്ട് മൂടിയോ തീ അണയ്ക്കുക.
