കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. 

തൃശൂർ: തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ​ഗോപി മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാ​ഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി മടങ്ങിയത്. 

ഇടവക വികാരി ഫാ.ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റി ഡൽസൻ ഡേവിസ് പെല്ലിശ്ശേരി എന്നിവർ ചേർന്നാണ് സുരേഷ് ഗോപിയെയും കുടുംബത്തെയും സ്വീകരിച്ചത്. തുടർന്ന് അൾത്താരയ്ക്ക മുന്നിൽ സ്ഥാപിച്ച മാതാവിന്റെ തിരുരൂപത്തിന് മുന്നിലെത്തി കിരീടം സമർപ്പിച്ചു. മാതാവിന്റെ നേർച്ച സുരേഷ് ഗോപിക്കും കുടുംബത്തിനും വികാരി കൈമാറി. പരുമല സ്വദേശി അനു ആനന്ദനാണ് കിരീടം നിർമ്മിച്ചത്. ഇരുപത് ദിവസം മുമ്പാണ് സുരേഷ് ഗോപി സ്വർണ്ണ കിരീടം നിർമ്മിക്കണമെന്ന ആവശ്യവുമായി സമീപിച്ചതെന്ന് ശില്പി പറഞ്ഞു.

ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഗുരുവായൂരിൽ നടക്കുന്നത്. രാവിലെ 8.45 നാണ് താലി കെട്ട്. പ്രധാനമന്ത്രിയുൾപ്പടെ പങ്കെടുക്കുന്നതിനാൽ കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് വിവാഹം.

സൂര്യക്കും ആര്യയ്ക്കും കൈത്താങ്ങായി സുരേഷ്​ഗോപി! 260,000 രൂപ ബാങ്കിന് നൽകും, വീടിന്റെ ആധാരം തിരിച്ചുകിട്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്