സുരേഷ് ഗോപിയെ ആംബുലൻസ് എത്തിക്കുകയായിരുന്നവെന്നാണ് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷൻ അനീഷ് കുമാര്‍ പറഞ്ഞത്.

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായ ദിവസം ആംബലൻസിലല്ല എത്തിയതെന്ന് സുരേഷ് ഗോപി പറയുമ്പോൾ ചര്‍ച്ചയായി തൃശൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്‍റെ വാക്കുകൾ. സുരേഷ് ഗോപിയെ എത്തിച്ചത് സേവാഭാരതി ആംബുലൻസില്‍ ആണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് അനീഷ് കുമാര്‍ പറഞ്ഞിരുന്നു. സൂരേഷ് ഗോപി സേവാഭാരതി ആബുലൻസില്‍ എത്തുന്നതിന്‍റെ വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു. 

പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് ആവശ്യപ്പെട്ടത്. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍റെ വണ്ടിയിലാണ് താൻ പോയതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, സുരേഷ് ഗോപിയെ ആംബുലൻസ് എത്തിക്കുകയായിരുന്നവെന്നാണ് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷൻ അനീഷ് കുമാര്‍ പറഞ്ഞത്. തിരുവമ്പാടി ദേവസ്വം ഓഫീസിന് സമീപം സുരേഷ് ഗോപി എത്തുന്നത് തടയാൻ പൊലീസ് പരമാവധി ശ്രമിച്ചു. മറ്റു വാഹനങ്ങൾ കടത്തി വിടാത്തത് കൊണ്ടാണ് സേവാഭാരതി ആംബുലൻസില്‍ സുരേഷ് ഗോപിയെ എത്തിച്ചതെന്നുമായിരുന്നു അനീഷ് കുമാറിന്‍റെ പ്രതികരണം. തൃശൂര്‍ റൗണ്ട് വരെ അദ്ദേഹം മറ്റൊരു വാഹനത്തിലാണ് വന്നത്. പിന്നെ അവിടുന്ന് കടത്തി വിടാതെ പൊലീസ് തടഞ്ഞു. ഏതു മാര്‍ഗവും ഉപയോഗിച്ച് സുരേഷ് ഗോപിയെ അവിടെ എത്തിക്കണമെന്നുള്ളതായിരുന്നു തീരുമാനമെന്നും അനീഷ് കുമാര്‍ പറഞ്ഞിരുന്നു. 

തൃശൂർ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കും'