ഇന്നലെ രാത്രി മുതലാണ് പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നത്. സിനിമക്കായി തൽക്കാലം പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായി. ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ എടുത്തത് മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. പക്ഷെ ഇന്നലെ രാത്രി മുതലാണ് പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നത്. സിനിമക്കായി തൽക്കാലം പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു.
ഇതിനിടെ തെക്കേ ഇന്ത്യയിൽ നിന്ന് മറ്റൊരു നേതാവിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളുമയർന്നു. രാവിലെ മുതൽ ആർക്കും പിടിതരാതെ സുരേഷ് ഗോപി ശാസ്തമംഗലത്തെ വീട്ടിലുണ്ടായിരുന്നു. 6.10 ന്റെ തിരുവനന്തപുരം ദില്ലി വിമാനം പോയി. പിന്നീടുള്ള വിമാനങ്ങളിലും ടിക്കറ്റെടുക്കാതെ താരം വീട്ടിൽ തന്നെ തുടർന്നു. ഒടുവിൽ ദില്ലിയിൽ നിന്നും കോളെത്തി. ഉടൻ എത്താൻ മോദിയുടെ നിർദ്ദേശം. ദില്ലി കാൾവന്നിട്ടും സസ്പെൻസ് തീർന്നില്ല.12.10 നുള്ള വിമാനത്തിൽ ടിക്കറ്റില്ല. ബംഗ്ളൂരുവിലെത്തി അവിടെ നിന്ന് ചാർട്ടർ വിമാനത്തിലേക്ക് യാത്രക്കായി ശ്രമം.ഒടുവിൽ 12.10 ന്റെ ദില്ലിക്ക് നേരിട്ടുള്ള വിമാനത്തിൽ ടിക്കറ്റ് ലഭിച്ചു. ഒടുവിൽ ഭാര്യ രാധികക്കൊപ്പം ദില്ലിക്ക് പുറപ്പെട്ടു.
നരേന്ദ്രമോദിയുടെ കേരളത്തിലെ സ്വന്തം പ്രതിനിധിയായാണ് സുരേഷ് ഗോപി തൃശൂരിൽ ഇറങ്ങിയത്. കാത്ത് കാത്തിരുന്ന താമര വിരിയിച്ച് ഒടുവിൽ കാബിനറ്റിലേക്ക് ആക്ഷൻ ഹീറോ എത്തുമ്പോൾ കേരള ബിജെപിക്ക് മാത്രമല്ല സന്തോഷം.കേരളത്തിൻറെ അംബാസിഡറാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിലാണ് മലയാളികളുടെ പ്രതീക്ഷ.

