പുതുവത്സരതലേന്ന് മദ്യം വാങ്ങിവന്ന സ്റ്റീഫനെ അവഹേളിച്ച സംഭവം വിവാദമായതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കോവളത്ത് പൊലീസ് അവഹേളിച്ച സ്വീഡിഷ് പൗരൻ (Swedish Citizen) സ്റ്റീഫൻ മറ്റൊരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. തന്‍റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതില്‍ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസി. കമ്മീഷണറെ സമീപിച്ചത്. കോവളം വെള്ളാറിൽ ഹോം സ്റ്റേ നിർമ്മിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ ഒന്‍പത് സെന്‍റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു. രണ്ട് പേരിൽ നിന്നാണ് ഭൂമി വാങ്ങിയത്. മുൻ ഭൂ ഉടമയുടെ ബന്ധു ഹോം സ്റ്റേയിൽ കയ്യേറി താമസിക്കുന്നതായും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് ഫോർട്ട് അസി. കമ്മീഷണറെ കണ്ട് സ്റ്റീഫൻ അറിയിച്ചത്. സ്വത്ത് തർക്ക കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണിയിലാണ്. അഭിഷകനുമായി ആലോചിച്ച് പൊലീസിൽ രേഖാമൂലം പരാതി നൽകുമെന്നും സ്റ്റീഫൻ പറയുന്നു. ഇന്നലെ മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ചപ്പോഴും ഹോം സ്റ്റേ നടത്തിപ്പ് പ്രതിസന്ധിയിലാണന്ന് സ്റ്റീഫൻ അറിയിച്ചിരുന്നു.
അതേസമയം പുതുവത്സരതലേന്ന് മദ്യം വാങ്ങിവന്ന സ്റ്റീഫനെ അവഹേളിച്ച സംഭവം വിവാദമായതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റീഫനെ തടഞ്ഞ് വാഹന പരിശോധന നടത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കോവളം തീരത്തേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാർ നീക്കം. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഉള്‍പ്പെട്ട പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് ടൂറിസം മന്ത്രി മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം.
