കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത അമർഷം രേഖപ്പെടുത്തി ടി സിദ്ദിഖ്.  

തിരുവനന്തപുരം : കോൺഗ്രസിന് വേണ്ട ജീവിതം മാറ്റിവച്ച നേതാക്കളെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്ന് ടി സിദ്ദിഖ്. ഇപ്പോഴത്തെ സംഭവങ്ങളിൽ കടുത്ത അമർഷവും വേദനയുമുണ്ട്, കെ. സി വേണുഗോപാലും വി. ഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും സമുന്നത നേതാക്കളാണ്. മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും. സമൂഹമാധ്യമങ്ങളിലും പൊതുവിടങ്ങളിലും അണികൾ പരിധി വിടരുത്. പ്രവർത്തകർ ചേരിതിരിഞ്ഞ് തെരുവിലിറങ്ങുന്ന സ്ഥിതിയുണ്ടാകരുത്. ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിയത് വേദനാജനകമാണ്. ഇത്തരം പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ടി. സിദ്ധിക്ക് ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കണം. ഇപ്പോൾ നടക്കുന്ന തെരുവിലെ പ്രതിഷേധങ്ങൾ കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ല. ഫ്ലക്സ് വയ്ക്കലും നശിപ്പിക്കലും അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതോർമ്മിപ്പിച്ചപ്പോൾ, ഹൈക്കമാന്റ് പ്രതിനിധികൾ തന്നെ വരാൻ വൈകിയല്ലോ എന്നായിരുന്നു ടി.സിദ്ധിക്കിന്റെ മറുപടി. കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനത്തോടെ ശുഭകരമായ രാഷ്ട്രീയം വരുമെന്നും സിദ്ധിഖ് പറഞ്ഞു.

അടുത്ത മുഖ്യമന്ത്രി ആര് ? ഉടൻ തീരുമാനമെന്ന് സണ്ണി ജോസഫ്

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെ. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി ഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്‍റെയും മനസ്സറിയും. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.