Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ നിന്നുള്ള അരിക്കടത്ത്; രണ്ട് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ നടപടി

സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്പറുമായ ആൽബർട്ട് എസ് കുമാർ, വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാർ എന്നിവർക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

tamil nadu ration rice smuggling action against two cpm leaders
Author
Palakkad, First Published Jul 29, 2022, 8:39 PM IST

പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള അരിക്കടത്തിന് ഒത്താശ ചെയ്ത രണ്ട് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ നടപടി. സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്പറുമായ ആൽബർട്ട് എസ് കുമാർ, വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാർ എന്നിവർക്കെതിരെയാണ് പാർട്ടിയുടെ നടപടി. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. വാളയാറിൽ അരിക്കടത്തിന്‍റെ പ്രധാന ഏജന്‍റുമാരായി പ്രാദേശിക സിപിഎം നേതാക്കൾ പ്രവർത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതെ തുടർന്നാണ് സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് നടപടിയ്ക്ക് ശുപാർശ ചെയ്തത്.

കേരള അതിര്‍ത്തികളില്‍ അരി കടത്ത് നടത്തുന്ന സംഘങ്ങളെ കുറിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോര്‍ട്ട്. റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് കേരള അതിര്‍ത്തിയായ വാളയാര്‍. ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സിപിഎമ്മിന്‍റെ പുതുശേരി പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ട് കുമാറും പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ശിവയുമാണ്. എത്ര ക്വിന്‍റല്‍ അരി വേണമെങ്കിലും സുരക്ഷിതമായി പാലക്കാട് ജില്ല കടത്തിത്തരാമെന്നാണ് ഇരുവരുടേയും വാഗ്ധാനം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് കടത്തെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. 

Also Read: ഓണവിപണി ലഭ്യമിട്ട് അരി കടത്ത്; തമിഴ്നാട് റേഷനരി കേരളത്തിലേക്ക് കടത്തുന്നത് ഇരട്ടിവിലയ്ക്ക്

മില്ലുടമകളെന്ന് പരിചയപ്പെടുത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം തമിഴ് നാട് റേഷനരി തേടി വാളയാറിലെത്തിയത്. സ്ഥലത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സിപിഎം പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ട് കുമാറിന്‍റെ നേതൃത്വത്തിലിലുള്ള സംഘമാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് കടത്തെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പും വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാര്‍ നല്‍കുന്നു. 

 

Follow Us:
Download App:
  • android
  • ios