കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ അനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് കോടതി താത്കാലികമായി മരവിപ്പിച്ചു. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു.

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28 ന് മുൻപ് പെൻഷൻ അനുകൂല്യം നൽകണം എന്നായിരുന്നു ഹൈക്കോടതി ഇന്നലെ ഇറക്കിയ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവർക്കാണ് അമ്പത് ശതമാനം ആനുകൂല്യം ഉടൻ നൽകാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാൽ ഇത്രയും തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

Also Read : കെഎസ്ആർടിസിയില്‍ 'ടാർഗറ്റ്' ആശങ്ക; മുഴുവന്‍ ശമ്പളം കിട്ടാന്‍ ടാർഗറ്റ് തികയ്ക്കണമെന്ന നിര്‍ദേശത്തിൽ എതിര്‍പ്പ്

2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരും ആനുകൂല്യം ലഭിക്കാത്തത് ചോദ്യം ചെയ്ത് 198 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. അമ്പത് ശതമാനം തുകയാണ് അടിയന്തരമായി നൽകാൻ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്നലെ ഇടക്കാല ഉത്തരവിട്ടത്. എല്ലുമുറിയെ ജീവനക്കാർ അധ്വാനിച്ചിട്ടും വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. മാനേജ്മെന്റിന്‍റെ കെടുകാര്യസ്ഥതയിൽ കെഎസ്ആർടിസി ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണമെന്ന ചോദ്യവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ ഉന്നയിച്ചിരുന്നു. 

YouTube video player

കഴിഞ്ഞ മാസം ലഭിച്ച വരുമാനം ശമ്പളയിനത്തിൽ ഉപയോഗിച്ച് കഴിഞ്ഞുവെന്നും പെൻഷൻ ആനുകൂല്യത്തിനായി മാറ്റി വയ്ക്കാനായില്ലെന്നുമാണ് കെഎസ്ആർടിസി ഇന്നലെ കോടതിയെ അറിയിച്ചിരുന്നത്. വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആർടിസി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. 

Also Read : 198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി