ഡോ. വന്ദനദാസിന്‍റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഉറപ്പുകളെല്ലാം പാഴ്‍വാക്കായി. ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച സേഫ്റ്റി ഓഡിറ്റ് എങ്ങുമെത്തിയില്ല. പൊലീസ് ഔട്ട് പോസ്റ്റടക്കമുള്ള ഉറപ്പുകളും പാഴായി
തിരുവനന്തപുരം: ഡോ. വന്ദനദാസിന്‍റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഉറപ്പുകളെല്ലാം പാഴ്‍വാക്കായി. ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് അപ്പുറം ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച സേഫ്റ്റി ഓഡിറ്റ് എങ്ങുമെത്തിയില്ല. പൊലീസ് ഔട്ട് പോസ്റ്റടക്കമുള്ള ഉറപ്പുകളും പാഴായി. ആശുപത്രികളുടെ സുരക്ഷയ്ക്കായി സ്ഥിരം ഡെപ്യൂട്ടേഷൻ തസ്തികകൾ സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാർശ പോലും സർക്കാർ തള്ളി. ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്കൊപ്പം ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു സേഫ്റ്റി ഓഡിറ്റ്. ഡോ. വന്ദനയുടെ കൊലപാതകത്തിനും രണ്ടരവർഷമിപ്പുറം സേഫ്റ്റി ഓഡിറ്റ് എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല, ചുരുക്കം ആശുപത്രികളിൽ മാത്രമാണ് പൂർത്തിയായത്. പൊലീസ് ഔട്ട് പോസ്റ്റ്, സിസിടിവി നിരീക്ഷണം തുടങ്ങിയ മറ്റു ഉറപ്പുകളും എങ്ങുമെത്തിയില്ല. മെഡിക്കൽ കോളേജ് ആശുപത്രികളിലും ചുരുക്കം ജില്ലാ, ജനറൽ ആശുപത്രികളിലും ഒഴിച്ചാൽ ഔട്ട് പോസ്റ്റുമില്ല, പൊലീസുമില്ല,
അക്രമസംഭവങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ അലംഭാവം
സുരക്ഷയുമില്ലാത്ത തിരക്കേറിയ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കൂടുതൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുമെന്ന വാക്ക് പോലും പാലിച്ചില്ല. സർക്കാർ ആശുപത്രികളിലെ സുരക്ഷയ്ക്കായി 224 പേരുടെ സ്ഥിരം ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി 2023 ജൂണിൽ ശുപാർശ നൽകിയിരുന്നു. ഇത് ആഭ്യന്തര വകുപ്പ് തന്നെ വെട്ടി. സാമ്പത്തിക പ്രതിസന്ധി കാരണമായി പറഞ്ഞായിരുന്നു ശുപാർശ തള്ളിയത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും നന്നായി ജോലി ചെയ്താൻ മതിയാകും എന്നായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നിലപാട്. ചുരുക്കത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സുരക്ഷ ഉറപ്പാക്കാൻ പോലും സർക്കാർ മെനക്കെട്ടില്ല. സർക്കാരിന്‍റെ ഈ അലംഭാവമാണ് താമരശ്ശേരിയിലേത് പോലെയുള്ള അക്രമസംഭവങ്ങൾക്ക് കാരണമായി മാറുന്നത്.

