Asianet News MalayalamAsianet News Malayalam

താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമണ കേസ് : വീണ്ടും സാക്ഷിവിസ്താരം അനുവദിക്കരുതെന്ന് പ്രതിഭാഗം

മുഴുവൻ സാക്ഷികളെയും വിസ്തരിക്കാൻ ആവശ്യമായ സമയം പ്രോസിക്യൂഷന് ഉണ്ടായിരുന്നെന്നും ഇനി പുതുയതായി ആരെയും അനുവദിക്കേണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം.

thamarassery forest office attack case updates apn
Author
First Published Feb 6, 2023, 2:25 PM IST

കോഴിക്കോട് : കസ്തൂരിരംഗൻ സമരകാലത്ത് കോഴിക്കോട് താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ ഇനി പുതുതായി സാക്ഷി വിസ്താരം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഭാഗം . കേസുമായി സഹകരിക്കാതിരുന്ന മൂന്ന് സാക്ഷികളെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. മുഴുവൻ സാക്ഷികളെയും വിസ്തരിക്കാൻ ആവശ്യമായ സമയം പ്രോസിക്യൂഷന് ഉണ്ടായിരുന്നെന്നും ഇനി പുതുയതായി ആരെയും അനുവദിക്കേണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. കേസിലെ നിർണായക സാക്ഷികൾ കൂടി കൂറുമാറിയ സാഹചര്യത്തിലാണ് അന്നത്തെ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി എസ് സജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫീസർ  സുരേഷ് എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ ഈമാസം 13 ന് കോഴിക്കോട്  സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും.

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: ​ഗുരുതര ആരോപണം,അന്വേഷണം നടക്കട്ടെ,അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി ഹൈക്കോടതി തള്ളി

താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ് അട്ടിമറിക്കാന്‍ വന്‍ നീക്കം നടക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. കേസിൽ  വിചാരണക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം കൂറുമാറി. എട്ട് സാക്ഷികളാണ് കൂറുമാറിയത്. ഫോറസ്റ്റ് വകുപ്പിലെ ഒരു ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും കൂറുമാറിയവരിലുണ്ട്. ഇവർക്ക് പുറമെ ഒരു സിവിൽ പൊലീസ് ഓഫീസറും കൂറുമാറി. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞില്ല. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതികളുടെ കൂറുമാറ്റമുണ്ടായത്. 

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.കെ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവരാണ് കൂറുമാറിയ വനംവകുപ്പ് ജീവനക്കാര്‍. താമരശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന പുരുഷോത്തമനാണ് കൂറുമാറിയ മറ്റൊരാള്‍. പ്രതികളെ അറസ്റ്റ് ചെയ്ത അന്നത്തെ താമരശേരി ഡിവൈഎസ്പി ജെയ്സണ്‍ കെ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നിലവില്‍ കോഴിക്കോട് അസി. കമ്മീഷണറുമായ ബിജുരാജ് തുടങ്ങിയവര്‍ക്കാകട്ടെ പ്രതികളെ തിരിച്ചറിയാനുമായില്ല. ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എസ്പിയായി വിരമിച്ച പിപി സദാനന്ദന്‍റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രണത്തിന് ഉപയോഗിച്ച ആയുധങ്ങളുമടക്കം നിര്‍ണായതെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. വിചാരണയ്ക്കിടെ നിര്‍ണായകമായ കേസ് ഡയറിയും കാണാതായിരുന്നു. താമരശേരി സ്റ്റേഷനിലും ഡിവൈഎസ്പി ഏഫീസിലുമായി സൂക്ഷിച്ചിരുന്ന കേസ് ഡയറി കാണാതായെന്ന കാര്യം അന്നത്തെ ഡിവൈഎസ്പി തന്നെയായിരുന്നു കോടതിയെ അറിയിച്ചത്.

കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ 2013 നവംബര്‍ 15ന് നടന്ന മലയോര ഹര്‍ത്താലിനിടെയായിരുന്നു മലയോര മേഖല മുമ്പ് കാണാത്ത രീതിയിലുളള അഴിഞ്ഞാട്ടം നടന്നത്. പട്ടാപ്പകല്‍ നടന്ന അക്രമണം മണിക്കൂറുകളോളം നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായെത്തിയ ആള്‍ക്കൂട്ടം താമരശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ചു. ഫയലുകള്‍ തീയിട്ട് നശിപ്പിച്ചു. വനം വകുപ്പ് ജീവനക്കാരെ ആക്രമിച്ചു. കെഎസ്ആര്‍ടിസി ബസും മാധ്യമങ്ങളുടെ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. 77 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ കേസാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. 


 

Follow Us:
Download App:
  • android
  • ios