മണ്ണാർക്കട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതി അശ്വിൻ പിടിയിലായതായി പൊലീസ്. മണ്ണാർക്കട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ടാണ് ബൈക്കിൽ നിന്ന് വീണു പരിക്കേറ്റ് എത്തിയ അട്ടപ്പാടി സ്വദേശി അശ്വിൻ, സഹായി എന്നിവർ ജീവനക്കാരോട് മോശമായി പെരുമാറിയത്. സംഭവത്തിന്‌ പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെ ഉടൻ പിടികൂടുക, ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. 

ഒരു നഴ്സിനും രണ്ട് ഇസിജി ടെക്നീഷ്യന്മാർക്കുമാണ് മർദ്ദനമേറ്റത്. അക്രമി സംഘം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ബൈക്കിൽ നിന്ന് വീണു പരിക്ക് പറ്റിയാണ് അശ്വിൻ ചികിത്സയ്ക്ക് എത്തിയത്. മുറിവ് വൃത്തിയാക്കുന്നതിനിടെ ഇയാൾ നഴ്സിനോട് അപമര്യാദയായി പെരുമാറി. ബഹളം കേട്ട് എത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറി. വനിതാ നഴ്സുമാരുടെ ഫോട്ടോ എടുക്കാനും പ്രതി ശ്രമിച്ചു. ഇത് തടഞ്ഞതോടെയാണ് മർദ്ദിച്ചത്. 

മദ്യലഹരിയിൽ ചികിത്സക്കെത്തി, നഴ്സിനോട് അപമര്യാദയായി പെരുമാറി, ജീവനക്കാരെ കയ്യേറ്റം ചെയ്ത് രണ്ടംഗ സംഘം

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News